അന്യജാതിക്കാരനെ പ്രണയിച്ച മകളെ ബലമായി വിഷം കുടിപ്പിച്ച് കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്. കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് സംഭവം. പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നായിരുന്നു കുടുംബം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അഞ്ച് പെണ്‍മക്കളാണ് ശങ്കറിനുള്ളത്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇരുളടയുമെന്നും അതുകൊണ്ട് പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടു. പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റെല്ലാം മറക്കണമെന്നും ആവര്‍ത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി പ്രണയം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ ബലമായി വായ തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു. 

ചെടിക്കടിക്കുന്ന കീടനാശിനിയാണ് ശങ്കര്‍ മകളെ കുടിപ്പിച്ചത്. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നു. വിഷം കഴിച്ച് മകള്‍ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളോട് ഉള്‍പ്പടെ പറഞ്ഞതും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ശങ്കറിന് പുറമെ രണ്ട് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്നും കല്‍ബുര്‍ഗി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Honor killing is suspected in Karnataka after a father allegedly poisoned his daughter for loving someone from another caste. Police are investigating the death, which was initially reported as a suicide.