ഗുരുതരമായ പെരുമാറ്റദൂഷ്യ പരാതിയിൽ ചവറ കുടുംബക്കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്ന് സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. കേസിലെ കക്ഷികളായി കോടതിയിലെത്തിയ ഇവരെ ചേംബറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരു സ്ത്രീയാണ് ആദ്യം ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്.
തുടർന്ന് ഈ പരാതി ഹൈക്കോടതിക്ക് കൈമാറുകയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്വേഷണ റിപ്പോർട്ടും പരാതിയും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. നേരത്തെ ഇദ്ദേഹത്തെ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു.