ഓണം ലക്ഷ്യമിട്ട് മലേഷ്യയില്‍ നിന്ന് കടത്തിയ നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൃശൂര്‍ പൊറത്തിശേരി സ്വദേശി സെബി ജോണാണ് കസ്റ്റംസിന്‍റെ പരിശോധനയില്‍ കുടുങ്ങിയത്. ഹൈബ്രിഡ് കഞ്ചാവ് പരീക്ഷിച്ച ശേഷമായിരുന്നു സെബിയുടെ കൊച്ചിയിലേക്കുള്ള യാത്ര.
മലേഷ്യയില്‍ നിന്ന് ശേഖരിച്ച ഹൈബ്രിഡ് കഞ്ചാവിന്‍റെ ടെസ്റ്റ് ഡോസ് അടിച്ച ശേഷമായിരുന്നു സെബി ജോണിന്‍റെ കൊച്ചിയിലേക്കുള്ള യാത്ര. ലഹരിയുടെ ഉന്മാദത്തില്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സെബിയെ കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ബലപ്പെട്ടു. ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ഇതോടെ ലഗേജുകള്‍ പരിശോധിക്കാന്‍ തീരുമാനം. ബാഗ് നിറയെ ഭക്ഷ്യപായ്ക്കറ്റുകള്‍. ഇവയ്ക്കിടയിലായിരുന്നു കോടികള്‍ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ്.
ഒരു കിലോ വീതമുള്ള നാല് പായ്ക്കറ്റുകളില്‍ വായുപോലും കയറാത്ത നിലയില്‍ സൂക്ഷ്മമായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. പൊറത്തിശേരി സ്വദേശിയായ സെബി നിരവധി അടിപിടി, ലഹരിക്കേസുകളില്‍ പ്രതിയാണ്. പതിവായി കഞ്ചാവ് ഉപയോഗിക്കുന്നതിന് പുറമെ ലഹരിവിതരണത്തിലും സജീവം.
നാട്ടില്‍ വല്ലപ്പോഴും വന്നുപോകുന്നയാളാണ് സെബി. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടെ സെബി കഴിഞ്ഞ കുറച്ചുനാളുകളായി വിദേശത്താണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഹൈബ്രിഡ് കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതടക്കം കണ്ടെത്താനുണ്ട്. ഒരു വര്‍ഷത്തിനിടെ നെടുമ്പാശേരിയില്‍ 20 കേസുകളിലായി പിടികൂടിയത് നൂറ്റിയൊന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ്. പിടികൂടിയ ലഹരിയുടെ മൂല്യം നൂറുകോടിക്ക് മുകളിലാണ്. ഒരിടവേളയക്ക ശേഷം നെടുമ്പാശേരി വഴിയുള്ള ലഹരിക്കടത്തും സജീവമാകുകയാണ്.