വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ. സലീം കുറ്റക്കാരനെന്ന് ഹോസ്ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കുട്ടിയില്‍നിന്ന് കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജി പി.എം. സുരേഷിന്റെ ചോദ്യത്തിന് സഹോദരിക്ക് പങ്കില്ലെന്നു മാത്രമാണ് സലീം പറഞ്ഞത്. തനിക്ക് ഒന്നുമറിയില്ലെന്നു പറഞ്ഞ് സുഹൈബ കരഞ്ഞു. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ അഡ്വ. എ. ഗംഗാധരന്‍ വാദിച്ചപ്പോള്‍, ആ ഗണത്തില്‍ ഈ കേസ് വരില്ലെന്നായിരുന്നു പ്രതിക്ക് നിയമസഹായത്തിനായി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ ടി.എം. ദേവദാസിന്റെ വാദം.
2024 മേയ് 15നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍ ആന്ധ്രയിലുമെത്തിയ സലീമിനെ ഒന്‍പതാം നാള്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.