നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അൻസർ കഞ്ചാവ് കടത്തുകേസിലും പ്രതി. 2022ൽ പത്തനംതിട്ട പഴകുളത്ത് വെച്ചാണ് പ്രതി ആദ്യം പിടിയിലാകുന്നത്. നൂറനാട്ടെ വാർഡ് മെമ്പറുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയ കേസിലും പ്രതിയാണ് അൻസർ. അൻസറിനെതിരായ മുൻ എഫ്ഐആറുകൾ മനോരമ ന്യൂസിന് ലഭിച്ചു.
നാലാം ക്ലാസുകാരിയായ മകളെ രണ്ടാനമ്മയോടൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച അൻസറിൻ്റെ ക്രിമിനൽ വാസന വ്യക്തമാക്കുന്നതാണ് മുൻ കുറ്റപത്രങ്ങൾ. 2022 ജൂൺ 22നാണ് അൻസർ ആദ്യം പൊലീസിന്റെ പിടിയിലാകുന്നത്. കായംകുളം ഭാഗത്തുനിന്ന് 2.24 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുമ്പോൾ പൂട്ടുവീഴുകയായിരുന്നു. 2023ല്‍ വാർഡ് മെമ്പർ ബൈജുവിന്റെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയാണ് അൻസർ. കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനും കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളിയത് ചോദ്യം ചെയ്തതിനുമായിരുന്നു അന്നത്തെ ആക്രമം. പ്രത്യേകം രൂപകൽപ്പന ചെയ്ത വാൾ ചുഴറ്റി കൊലപാതക ഭീഷണി മുഴക്കി. ചെടിച്ചട്ടികളും ലൈറ്റും അടിച്ചു പൊട്ടിച്ചെന്നുമാണ് കേസ്. മദ്യപാനം പതിവാക്കിയിരുന്ന അൻസർ കേസുകളിൽ നിന്ന് ഊരിപ്പോരാനും മിടുക്കനാണ്. കഞ്ചാവ് വില്പനയിലൂടെയാണ് ധൂർത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അമ്മ നഷ്ടപ്പെട്ട മകളെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല അസഭ്യം പറയുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു എന്നും നാട്ടുകാർ സമ്മതിക്കുന്നു. കുട്ടിയെ മർദ്ദിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ രണ്ടുദിവസം പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കിയത് കൂട്ടാളികൾ ആണെന്നാണ് വിവരം. ഇവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.