sebastian-rosamma

കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ പ്രതി സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബാങ്ക് അക്കൗണ്ട് ഇടപാട് ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലിൽ ജയ്നമ്മയുടെ സ്വർണം പണയപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന. സ്വന്തം ഇഷ്ടപ്രകാരം ജയ്നമ്മ ഇത് നൽകിയതാണെന്നും തിരോധാനത്തിൽ പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി. സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

ആലപ്പുഴക്കാരായ ഐഷ, ബിന്ദു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. ജെയ്നമ്മയുടെ മൊബൈൽ ഫോണിനെക്കുറിച്ചും അന്വേഷണസംഘത്തിന് കൃത്യമായ വിവരം ലഭിച്ചു. ജെയ്നമ്മയെ പരിചയമുണ്ടെന്ന് വെളിപ്പെടുത്തിയ സെബാസ്റ്റ്യൻ ജെയ്നമ്മ എവിടെയുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല.

ജെയ്നമ്മയെ പരിചയമുണ്ടെന്നും പ്രാര്‍ഥനായോഗങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് പക്ഷേ സെബാസ്റ്റ്യന്‍ മറുപടി നല്‍കിയില്ല. അതേസമയം, കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. സെബാസ്റ്റ്യന്‍റെ ഭാര്യവീട്ടില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍ കിടന്നിരുന്നത്. ഡീസല്‍ കന്നാസും കാറിലുണ്ടായിരുന്നു.

കാണാതായ ജെയ്നമ്മയുമൊന്നിച്ച് ധ്യാനകേന്ദ്രങ്ങളില്‍ സെബാസ്റ്റ്യന്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചിരുന്നുവെന്നും ഇത് റീച്ചാര്‍ജ് ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇരുവരുടെയും മൊബൈല്‍ സിഗ്നലുകള്‍ ഒരേ ലൊക്കേഷനില്‍ പലവട്ടം വന്നതാണ് നിര്‍ണായകമായത്. 2024 ഡിസംബര്‍ 23മുതലാണ് അതിരമ്പുഴ കോട്ടമുറി സ്വദേശി കെ.എം.മാത്യുവിന്‍റെ ഭാര്യ ജെയ്നമ്മ(55)യെ കാണാതായത്.