തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഐ.എസ്.ആര്‍. ഒ ജോലി തട്ടിപ്പുകേസിന്‍റെ ആഴമേറുന്നു. മുഖ്യപ്രതിയായ റംസിക്കെതിരെ തമിഴ്നാട്ടില്‍ നിന്നടക്കം പരാതിപ്രളയം. തട്ടിയെടുത്ത പണം കോടികള്‍ കടന്നേക്കുമെന്ന് പൊലീസിന്‍റെ വിലയിരുത്തല്‍.
റംസി, ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണ്. പക്ഷെ തുമ്പ VSSCയില്‍ എന്‍ജിനീയര്‍ എന്നാണ് തട്ടിപ്പിന്‍റെ മേല്‍വിലാസം. അവിടെ ജോലി തരാമെന്ന് പറഞ്ഞ് കോലിയക്കോട് സ്വദേശിനിയില്‍ നിന്ന് 8 ലക്ഷം തട്ടിയെടുത്ത കേസിലാണ് റംസിയും ഭര്‍ത്താവ് അജ്മലും സഹായികളായ മൂന്ന് പേരും കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസിന്‍റെ വലിയിലായത്. അറസ്റ്റിന്‍റെ വാര്‍ത്ത വന്നതോടെ റംസിയുടെ കെണിയില്‍പെട്ട് ലക്ഷങ്ങള്‍ പോയവരുടെ പരാതികളുടെ കുത്തൊഴുക്കാണ്.
തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം ഇതുവരെ പത്ത് പരാതിയെത്തി. തമിഴ്നാട്ടില്‍ തട്ടിപ്പ് നടത്തിയ ശേഷമാണ് ഇവര്‍ കേരളത്തില്‍ തന്ത്രം പയറ്റിത്തുടങ്ങിയത്. തമിഴ്നാട്ടില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. തമിഴ്നാട്ടുകാരനായ മുരുകേഷനായിരുന്നു അവിടുത്തെ തട്ടിപ്പിന്‍റെ മുഖ്യകണ്ണി. മുരുകേശന്‍റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ റംസിക്ക് വന്നിട്ടുണ്ട്. കേരളത്തിലും വ്യാപകമായി തട്ടിപ്പ് നടത്തി.
റംസി വാടകയ്ക്ക് താമസിച്ചിരുന്ന വെമ്പായത്തെ വീട്ടിലെത്തിച്ച് വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തില്‍ തെളിവെടുത്തു. തട്ടിപ്പിനുപയോഗിച്ച വ്യാജരേഖകള്‍ വീട്ടുമുറ്റത്തിട്ട് കത്തിച്ച് കളിഞ്ഞെന്ന് റംസി പൊലീസിനോട് സമ്മതിച്ചു. തട്ടിപ്പിന്‍റെ വ്യാപ്തി 5 കോടി കടന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.