ഐഷ തിരോധാനത്തില്‍ ദുരൂഹതയേറ്റി സെബാസ്റ്റ്യന്റെ അയല്‍വാസി റോസമ്മ. ഐഷയെ കാണാതായ ദിവസം പള്ളിപ്പുറം പള്ളിയില്‍ പോയെന്നും ഐഷ തന്നെ പലതവണ വിളിച്ചിരുന്നെന്നും റോസമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. തിരിച്ച് വിളിച്ചെങ്കിലും എടുത്തില്ല. സ്ഥലം വാങ്ങാന്‍ ഐഷ പലരില്‍ നിന്ന് പണം കടവാങ്ങിയിരുന്നു. ഇത് ആരെയോ ഏല്പിച്ചിരുന്നു, അത് വാങ്ങാന്‍ പോയതാകാം എന്നാണ് കരുതിയത്. എന്തോ അബദ്ധം പറ്റിയതാകാമെന്ന് താന്‍ പറഞ്ഞതാണ് സെബാസ്റ്റ്യന്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെന്നും റോസമ്മ പറഞ്ഞു.
സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ തെളിവുകൾ കേസന്വേഷണത്തിൽ നിർണായകമാകും. കുഴിച്ചപ്പോൾ ലഭിച്ച എട്ട് എല്ലിന്റെ ഭാഗങ്ങൾ, കുളം വൃത്തിയാക്കിയപ്പോൾ ലഭിച്ച ബാഗ്, വസ്ത്രം അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കുളിമുറിയുടെ ഭിത്തിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. രക്തക്കറ മായ്ക്കാൻ ശ്രമിച്ച സ്ക്രബറും കിട്ടി. 7 മണിക്കൂറോളം നീണ്ട പരിശോധനയും തിരച്ചിലുമാണ് പള്ളിപ്പുറത്ത് അന്വേഷണ സംഘം നടത്തിയത്.
ലഭിച്ച വസ്തുക്കൾ അന്വേഷണത്തിൽ നിർണായകമാകും എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി പൂർത്തിയാകും അതിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യം വയ്ക്കുന്നത്. ജൈനമ്മയുടെ തിരോധാന കേസിലാണ് സെബാസ്റ്റ്യൻ അറസ്റ്റിലായെങ്കിലും ബിന്ദു പദ്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന വിലയിരുത്തൽ അന്വേഷണ സംഘത്തിനുണ്ട്. അതിന് പിൻബലമേകുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.