കൂട്ടുകാര്‍ക്ക് കൊടുത്ത ബൈക്ക് തിരികെ വാങ്ങിയതിന് യുവാവിന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനം. കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും പണവും യുവാവിന്‍റെ പക്കല്‍നിന്ന് കൂട്ടുകാര്‍ കവര്‍ന്നുവെന്നാണ് വിവരം, പത്തനംതിട്ടയിലാണ് സംഭവം. പ്രതികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി സ്വദേശി എം.എം. മനുവിനാണ് മർദനമേറ്റത്.
മെഴുവേലി സ്വദേശികളായ സനൽകുമാർ, സജിത് കുമാർ, റാന്നി സ്വദേശി ശരത്, ചെങ്ങന്നൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. സനൽകുമാറിന് മനു ഉപയോഗിക്കാൻ കൊടുത്ത ബൈക്ക് തിരികെ വാങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ബൈക്കിൽ വന്ന മനുവിനെ പ്രതികൾ തടഞ്ഞുനിർത്തി കമ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ മനുവിന്റെ ഇടത് കാലിന് ഒടിവും ശരീരത്തിൽ ചതവും മുറിവുമേറ്റു.
കൂടാതെ മനുവിന്‍റെ കഴുത്തില്‍ കിടന്ന ഒന്നേമുക്കാൽ പവൻ സ്വർണമാലയും മൊബൈൽ ഫോണും 4800 രൂപയും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇലവുംതിട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്.