13 വയസുകാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ 40 കാരനടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് ബാല വിവാഹം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ അധ്യാപിക ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.മേയ് 28 നാണ് കണ്ടിവാടയില്‍ നിന്നുള്ള 40 കാരനുമായി എട്ടാം ക്ലാസുകാരിയുടെ വിവാഹം നടന്നത്. 

വിവരം പെണ്‍കുട്ടി ടീച്ചറോട് പറഞ്ഞതോടെയാണ് നടപടി. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. വാടക വീടിന്‍റെ ഉടമയോട് മകള്‍ക്ക് വരനെ കണ്ടുപിടിക്കാന്‍ കുട്ടിയുടെ അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇയാളാണ് 40 വയസുള്ള വരനെ കൊണ്ടുവന്നത്. മേയ് മാസത്തിലാണ് വിവാഹം നടന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ വിവാഹം ചെയ്തയാള്‍, ഭാര്യ, പെൺകുട്ടിയുടെ അമ്മ, മധ്യസ്ഥൻ, വിവാഹം നടത്തികൊടുത്ത പുരോഹിതൻ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്വ സഖി കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടു മാസത്തോളമായി 40 കാരന്‍റെ വീട്ടിലാണ് കുട്ടി താമസിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായാല്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Child marriage: Police have registered a case against five individuals, including a 40-year-old man, in Telangana's Ranga Reddy district for marrying a 13-year-old girl. The girl, rescued and moved to a Sakhi Centre, may face POCSO charges if sexual relations are established.