കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച ഉണ്ടായതായി ക്രൈംബ്രാഞ്ച്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അന്വേഷണസംഘത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലയിലെ ക്രമസമാധാന പാലനത്തില്‍ ഉള്‍പ്പെടാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണചുമതല.
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതാവുന്നത്. ഭാര്യ റംലത്തിന്‍റെ പരാതിയില്‍ കേസെടുത്ത നടക്കാവ് പൊലിസ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ണായക തെളിവായ സിസിടിവി ശേഖരിക്കാന്‍ ശ്രമിക്കാതിരുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് എന്നാണ് വിലയിരുത്തല്‍. സിസിടിവി ശേഖരിച്ചിട്ടില്ലെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇതിനായി ശ്രമം തുടങ്ങിയപ്പോഴേയ്ക്കും ദൃശ്യങ്ങള്‍ മാഞ്ഞ് പോയിരുന്നു. സിസിടിവി ഇല്ലാത്തത് അന്വേഷണത്തെ ഗുരുതരമായി ബാധിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷ്, എസ് ഐ ബിനുമോഹന്‍, സീനിയര്‍ സിപിഒ എംവി ശ്രീകാന്ത്, കെകെ ബിജു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരമേഖല ഐജി രാജ്പാല്‍ മീണ ഉത്തരവിട്ടത്. എന്നാല്‍ ലോക്കല്‍ പൊലിസ് അന്വേഷണം നയിച്ച അന്നത്ത സിറ്റി പൊലിസ് കമ്മീഷണര്‍ക്കെതിരെ പരാമര്‍ശമില്ല. അന്വേഷണം ഏറ്റെടുത്ത് 10 മാസം പിന്നിടുമ്പോഴാണ് പൊലിസിനെതിരെ ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. കേസില്‍ പൊലിസിന് വീഴ്ച്ച പറ്റിയെന്ന് പിവി അന്‍വര്‍ ആണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഗോള്‍ഡന്‍ ഹവറില്‍ സിസിടിവി ശേഖരിക്കാതിരുന്നത് തെളിവുനശിപ്പിക്കാനാണെന്നായിരുന്നു ആക്ഷേപം.