TOPICS COVERED

പൊലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയപ്പോള്‍ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് കരുതിയില്ല. വലിയ പണിയാണ് പിന്നാലെ വരുന്നതെന്ന്. ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് ഷഫീഖ് താമരശ്ശേരി ചുരത്തില്‍നിന്ന് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രതാനിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പൊലീസ്. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി വാഹനത്തിന് കൈകാണിച്ച് റോഡരികിലേക്ക് ഒതുക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 

പൊലീസ് വാഹനം പരിശോധിക്കാനൊരുങ്ങവെ കാറിലുണ്ടായിരുന്ന ഷഫീഖ് പെട്ടെന്ന് ഇറങ്ങിയോടി, വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തില്‍ എടുത്തുചാടി. വീണിടത്തുനിന്ന് എഴുന്നേറ്റ് വനത്തിനുള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പൊലീസും സന്നദ്ധസംഘടനാപ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്പറ്റ അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തി. ചാടിയ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപംവരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും എങ്ങോട്ടാണ് പോയത് എന്നതിന് സൂചനകളൊന്നും ലഭിച്ചില്ല. 

ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ വൈത്തിരി ഓറിയന്റല്‍ കോളേജിന് സമീപമുള്ള കാട്ടില്‍നിന്ന് ഒരാള്‍ പരിക്കുകളോടെ ഇറങ്ങി വരുന്നത് കണ്ട് പരിസരവാസികള്‍ വിവരം അറിയിക്കുകയായിരുന്നു. ഏതായാലും കാട്ടിലൂടെ ചാടിഓടി ഷഫീഖ് അവസാനം വന്ന് പെട്ടതാകട്ടെ പൊലീസിന്റെ മുന്നിലും.

ENGLISH SUMMARY:

In a dramatic turn of events, a man identified as Shafiq from Cherumukku Edakkandathil House in Tirurangadi, jumped off a cliff in Thamarassery Churam (pass) during a police vehicle inspection. He apparently didn't realize the trouble he was getting into when he tried to flee. The incident occurred on Friday near the Wayanad Gate in Lakkidi, where police found 20.35 grams of MDMA in his car. The incident took place around 8:30 AM on Friday. Vythiri police were conducting vehicle checks at the district border following a statewide alert to apprehend Govindachami, who had escaped from Kannur Central Jail. They signaled a car on the national highway to pull over due to suspicious activity.