ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. 'അതു പോയി ഞാനും പോകുന്നു' എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് കുറിച്ചിരിക്കുന്നത്. ഒരു ദിവസം മുമ്പ് അതുല്യയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും സതീഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
പിറന്നാള്‍ ദിവസം ഭാര്യക്കൊപ്പം ഉള്ള ചിത്രവും സതീഷ് പങ്കുവെച്ചിട്ടുണ്ട്. അതുല്യയെ ആക്രമിക്കുമ്പോള്‍ സതീഷിന്റെ കൈ പൊട്ടിയിരുന്നു. ഇക്കാര്യം അതുല്യ സഹോദരി അഖിലയോട് പറഞ്ഞിരുന്നു. ഫെയ്സ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലെ ചിത്രത്തില്‍ ഇയാള്‍ ബാന്‍ഡേജ് ഇട്ടുള്ള ചിത്രമാണുള്ളത്. അതുല്യക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സതീഷ് എഫ് ബിയില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ എഫ്ബി ലോക്ക് ചെയ്തിരിക്കുകയാണ് .
അതേ സമയം അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.
അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.
സതീഷ് അശ്ലീലം സംസാരിക്കുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോയിലുണ്ട്. ‘എത്ര വിഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ’’ എന്നും ‘‘ഓഫ് ചെയ്യടീ’’ എന്നും പറയുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.