ഇടവേളയ്ക്കുശേഷം കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടാ അക്രമങ്ങള്‍ പതിവാകുന്നു. മംഗളുരുവിനു സമീപമുള്ള പൂത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തടഞ്ഞുവച്ചു പരസ്യവിചാരണ നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുത്തൂരിലെ വിനോദ സഞ്ചാരകേന്ദ്രമായ ബീര്‍മലബേട്ടെ കാണാനെത്തിയവരാണ് ആള്‍കൂട്ട വിചാരണയ്ക്കിരയായത്. 

വിനോദ സഞ്ചാരകേന്ദ്രമായ ബീര്‍മലബേട്ടെ കാണാനെത്തിയതായിരുന്നു സുഹൃത്തുക്കളായ ഇരുവരും. സംസാരിച്ചിരിക്കുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ സംഘം ഇരുവരെയും വളഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെടുന്നവരാണന്നാരോപിച്ചു ചോദ്യം ചെയ്യല്‍ തുടങ്ങി. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ ഇരുവരും മഴയെ പോലും വകവെയ്ക്കാതെ രക്ഷപെടാന്‍ ശ്രമിച്ചു.

ഈ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സ് ആപ്പിലും  ഇന്‍സ്റ്റാഗ്രാമിലും പ്രചരിപ്പിച്ചതോെട ആണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. പുരുഷോത്തം, രാമചന്ദ്ര എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പ്രചാരണത്തിലൂടെ വര്‍ഗീയ കലാപത്തിനു ശ്രമിച്ചതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്

ENGLISH SUMMARY:

After a hiatus, moral policing incidents resurface in Karnataka. Two individuals have been arrested in Puttur, Mangaluru, for publicly harassing and questioning a minor boy and girl at a tourist spot, alleging they belonged to different religions. The incident, recorded and spread on social media, led to the father of the boy filing a complaint.