പ്രണയനൈരാശ്യം കൊലപാതകത്തില്‍ ചെന്നെത്തുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് . ടോക്സിക് സൗഹൃദങ്ങളും പ്രണയങ്ങളുമുണ്ടാക്കുന്ന പ്രതിസന്ധികളും ചെറുതല്ല. കുട്ടിക്കാലം തുടങ്ങിയ സൗഹൃദത്തിനൊടുവില്‍ ആത്മമിത്രത്തെ ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ച ഒരു യുവതിയുടെ വാര്‍ത്തയാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും പുറത്തുവരുന്നത്.
ആക്രമണത്തിനിരയായ ശ്രദ്ധാ ദാസും ഇഷാ സാഹുവും ബാല്യകാലസുഹൃത്തുക്കളാണ് . ഇപ്പോള്‍ ശ്രദ്ധ ബിബിഎ വിദ്യാര്‍ഥിയാണ്. അടുത്തിടെ ശ്രദ്ധയും ഇഷയും തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു മാസത്തോളം മിണ്ടാതിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ശ്രദ്ധയുടെ പരീക്ഷാ സമയമായതിനാല്‍ ഇഷയുമായി കണ്ട് മുട്ടാനും പിണക്കം മാറ്റാനും ശ്രദ്ധയ്ക്കും സാധിച്ചില്ല.
ഒരുദിവസം അപ്രതീക്ഷിതമായി ഇഷ ശ്രദ്ധയുടെ വീട്ടിലെത്തി. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്രദ്ധയോട് ഇഷ ഒപ്പം വരാമോ അല്‍പം നടക്കാം എന്ന് പറഞ്ഞു. ഇരുവരും നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇഷ തന്‍റെ പക്കല്‍ കരുതിയിരുന്ന ആസിഡ് ശ്രദ്ധയുടെ മുഖത്തൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രദ്ധ അലറിക്കരഞ്ഞു. ശ്രദ്ധയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുഖത്തിന്‍റെ വലിയൊരു ഭാഗവും കരിഞ്ഞിരുന്നു. ശ്രദ്ധ ഇതുവരെ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
ശ്രദ്ധ പഠനത്തില്‍ ഏറെ മുന്നേറിയതിലെ അസൂയയാണ് ഇഷയെ ഇത്തരത്തിലൊരു ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത് . പഠനത്തില്‍ ശ്രദ്ധ മിടുക്കിയായിരുന്നു, എന്നാല്‍ ഇഷ പഠനത്തില്‍ ഏറെ പിന്നിലും. ഇഷയെ മാതാപിതാക്കള്‍ പതിവായി ശ്രദ്ധയുമായി താരതമ്യം ചെയ്തിരുന്നു. തന്‍റെ മകളായി കരുതിയിരുന്ന ഒരാള്‍ തന്‍റെ യഥാര്‍ഥ മകളോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ശ്രദ്ധയുടെ പിതാവ് സംഭവത്തിന് ശേഷം പ്രതികരിച്ചത്.