കാസർകോട് കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് പ്രസിഡന്റിന്റെ ഭർത്താവിന്റെ ഭീഷണി. ക്രമക്കേട് കണ്ടെത്തിയ വെയിറ്റിങ് ഷെഡ് നിർമ്മാണത്തിന്റെ ബില്ല് പാസാക്കാനാണ് ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്. 39 ലക്ഷം ചെലവാക്കിയുള്ള തട്ടിക്കൂട്ട് വെയിറ്റി ഷെഡ് നിർമ്മാണത്തെ ചൊല്ലിയാണ് വിവാദം.
ദിവസേന ആയിരത്തോളം പേർ വന്നിറങ്ങുന്ന കുമ്പള ടൗണിൽ 10 ലക്ഷം ചെലവാക്കി നിർമ്മിച്ച ബസ് വെയിറ്റിങ് ഷെഡാണിത്. 39 ലക്ഷം ചെലവിൽ ഇത്തരത്തിൽ നാലെണ്ണമാണ് സ്ഥാപിച്ചത്. ഉദ്ഘാടനം പോലും പൂർത്തിയാക്കാത്ത ഷെഡ് കഴിഞ്ഞ മഴയത്ത് ചോർന്നതോടെയാണ് പ്രതിഷേധം ഉയർന്നത്. കടലിനോട് ചേർന്ന് അതിശക്തമായ കാറ്റുള്ള മേഖലയിൽ ഫൗണ്ടേഷൻ പോലുമില്ലാതെയാണ് നിർമ്മാണം. ടെൻഡർ വിളിക്കാതെ താല്പര്യ പത്രത്തിലൂടെ ഹാബിറ്റാറ്റ് എന്ന കമ്പനിക്കും, ഉപകരറിലൂടെ പ്രസിഡന്റിന്റെ ഭർത്താവിൻറെ സുഹൃത്തുമാണ് കരാറെടുത്തത്.
പരാതി ഉയർന്നതോടെ ഉടൻ ബില്ല് മാറി നൽകണമെന്ന ആവശ്യവുമായി കരാറുകാരൻ പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപിലെത്തി. സെക്രട്ടറി സുമേഷിനെ ഓഫീസിൽ കയറി പ്രസിഡൻറ് ഭർത്താവ് ഭീഷണിപ്പെടുത്തി. സെക്രട്ടറി പഞ്ചായത്ത് ഒഫീഷ്യൽ ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. ഭർത്താവിനെതിരെ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട പ്രസിഡൻറ്, സെക്രട്ടറിയെ മാറ്റണമെന്ന കത്ത് നൽകി. ഏതായാലും നിർമ്മാണങ്ങളിൽ വ്യാപക ക്രമക്കേടും, കൂട്ടുനിൽക്കാത്തവർക്ക് ഭീഷണിയും എന്നതാണ് കുമ്പള പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗ് ഭരണസമിതിയുടെ നിലപാട്.