കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവ് സ്ത്രീകളെ പീഡിപ്പിച്ചതായി കേസ്. തൃശൂർ കാട്ടൂരിലാണ് സംഭവം. പിടിയിലായ യൂസഫലിക്കെതിരെ സമാനക്കേസുകള്‍ മുന്‍പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിയാണിയാള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഇപ്പോഴത്തെ കേസിനാസ്പദമായ സംഭവം നടന്നത്. ALSO READ; ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; അറബി ജ്യോതിഷം നടത്തുന്നയാള്‍ പിടിയില്‍
കുടുംബപ്രശ്നങ്ങള്‍ മാറാനായി അറബി ജ്യോതിഷത്തിനെത്തിയ യുവതിയെ യൂസഫലി പീഡിപ്പിക്കുകയായിരുന്നു. പ്രതി യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. യുവതിയുടെ മുഖത്ത് എന്തോ ഒരു ദ്രാവകം പുരട്ടി പാതി മയക്കിയാണ് ഇയാള്‍ പീഡനം നടത്തിയത്. കാറളം കിഴ്ത്താണിയിലുള്ള വീട്ടില്‍ വച്ചായിരുന്നു പീഡനമെന്ന് യുവതി കാട്ടൂർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനു മുൻപും സമാനമായ പല കേസുകളിലും യൂസഫലിയെ പിടികൂടിയിരുന്നു. 2024ൽ അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേ വർഷം തന്നെ യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങൾ ഇയാള്‍ കൈക്കലാക്കിയ സംഭവവുമുണ്ടായി. നിലവില്‍ പൊലീസ് പിടിയിലായ യൂസഫലിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.