പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ്ലിസ്റ്റില്‍ ജില്ലാ ജഡ്ജിയും രാഷ്ട്രീയ നേതാക്കളുമടക്കം കേരളത്തിലെ 950 പേരെന്ന് എന്‍ഐഎ. വിവിധ പ്രതികളില്‍ നിന്നായി പിടിച്ചെടുത്ത ഹിറ്റ്ലിസ്റ്റ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. എതിരാളികളുടെ ചിത്രങ്ങള്‍ക്ക് പുറമെ മേല്‍വിലാസവും വ്യക്തിഗതവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഹിറ്റ് ലിസ്റ്റ് തയാറാക്കിയത്.
പോപ്പുലര്‍ ഫ്രണ്ടുമായി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹിറ്റ്ലിസ്റ്റുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചത്. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന പ്രതികളുടെ ശബ്ദസന്ദേശങ്ങളും എന്‍ഐഎ തെളിവായി കോടതിയില്‍ ഹാജരാക്കി. ഇതോടൊപ്പം പിഎഫ്ഐയെ എതിര്‍ക്കുന്നവരെ വകവരുത്താനും നേതൃത്വം പദ്ധതിയിട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍.
കേസിലെ 69ാം പ്രതി ടി.എ. അയൂബിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഹിറ്റ്ലിസ്റ്റില്‍ 500 പേര്‍. അയൂബ് ഇപ്പോളും ഒളിവിലാണ്. അന്‍പത്തിയൊന്നാം പ്രതി സിറാജുദീന്‍റെ കയ്യിലുണ്ടായിരുന്നത് എട്ട് പേജുകളിലായി 240 പേരുടെ പട്ടിക. പതിനഞ്ചാംപ്രതി അബ്ദുല്‍ വഹാബിന്‍റെ പഴ്സില്‍ നിന്നാണ് ജില്ലാ ജഡ്ജിയടക്കം അഞ്ച് പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയത്. ആലുവയിലെ പെരിയാര്‍ വാലി ക്യാംപസില്‍ നിന്നാണ് പഴ്സും രേഖയും കണ്ടെത്തിയത്. കേസിലെ പതിനേഴാം പ്രതിയും മാപ്പുസാക്ഷിയുമായ മുഹമ്മദ് സാദിക്കിന്‍റെ കൈവശമുണ്ടായിരുന്നത് രണ്ട് പട്ടിക. ഒന്നില്‍ 197 പേരും മറ്റൊരു പട്ടികയില്‍ 35 പേരും. എതിരാളിയുടെ ഫോട്ടോ, വയസ്, പ്രവര്‍ത്തിക്കുന്ന സംഘടന അതിലെ ചുമതല, റൂട്ട് മാപ്പ്, വീട്ടുകാരുടെ വിവരങ്ങളടക്കം ഹിറ്റ്ലിസ്റ്റിലുണ്ട്.
മൂന്ന് തട്ടുകളായാണ് പിഎഫ്ഐ പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ കോടതിയില്‍ വിശദീകരിച്ചു. പിഎഫ്ഐയെ എതിര്‍ക്കുന്നവരുടെ പട്ടിക തയാറാക്കേണ്ട ചുമതല രഹസ്യാന്വേഷണ വിഭാഗമായ റിപ്പോര്‍ട്ടര്‍ വിങ്ങിന്. എതിരാളികളെ കൃത്യമായി നിരീക്ഷിച്ച് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ നേതൃത്വത്തിന് ഈ സംഘം കൈമാറും. ആവശ്യമായ ഘട്ടത്തില്‍ ഈ വിവരങ്ങള്‍ ഹിറ്റ് സ്ക്വാഡിന് കൈമാറും. യോഗ പരിശീലനം, ദുരന്തമേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം എന്നിവയുടെ മറവിലാണ് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. എന്‍ഐഎയുടെ വാദങ്ങള്‍ പരിഗണിച്ച് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി.