കോഴിക്കോട് സീഷെൽ, സീബ്രീസ് കമ്പനികളില്‍ നടത്തിയ പരിശോധനയിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയ ക്രമക്കേടുകളിൽ മറ്റു കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടായേക്കും. വിദേശ രാജ്യങ്ങളിൽ നിന്നു വൻ തോതിൽ ഹവാല ഇടപാടുകൾ നടന്നതായാണ് കണ്ടെത്തല്‍
സീഷെൽ, സീബ്രീസ് ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 160 കോടിയോളം രൂപയുടെ ഹവാല ഇടപാടുകളാണ് കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകള്‍ ഉള്ളതിനാല്‍എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം കൈമാറിയേക്കും.
കോഴിക്കോട്ടെ ഷെൽ കമ്പനികളിലേക്കു ദുബായിൽ നിന്നു സീ ബ്രീസ് ഗ്രൂപ്പ് നടത്തിയ മൊബൈൽ സ്പെയർ പാർട്സ് ഇടപാടുകൾ വില കുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അന്വേഷണവും ഉണ്ടാകും.സീഷെല്‍ ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും യുഎഇയിലെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കു വൻ തുകകൾ അയച്ചിട്ടുണ്ട്. ഇത്രയും വരുമാനം എവിടെ നിന്നുണ്ടായെന്നതിനു വ്യക്തമായ തെളിവുകൾ കമ്പനി ഉടമകള്‍ക്ക് നൽകാൻ സാധിച്ചിട്ടില്ല, ബാങ്ക് വഴിയുള്ള റിവേഴ്സ് ഹവാലയാണിതെന്ന് ആദായനികുതി വകുപ്പ് കരുതുന്നു.
2 ഗ്രൂപ്പുകളുടെ 14 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.സീഷെല്‍ ,സീബ്രീസ് കമ്പനികള്‍ 262 കോടി രൂപയുടെ വരുമാനം ആദായനികുതി വകുപ്പിൽ നിന്നു മറച്ചു വച്ചതായി തെളിഞ്ഞിട്ടുണ്ട് . മറച്ചു വച്ച വരുമാനത്തിന്റെ 30% നികുതിയും അത്രയും തന്നെ പിഴയും ചുമത്തും.