കൊച്ചി പള്ളുരുത്തിയില്‍ ലോറിയില്‍ ചോരവാര്‍ന്നുള്ള യുവാവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവാവിനെ ആശുപത്രിയിലെത്തിച്ച പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവിനെ പള്ളുരുത്തി പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന്‍റെ പങ്ക് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണങ്ങാട്ട് പാലത്തിന് സമീപം പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ ചോരവാര്‍ന്ന നിലയില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ കണ്ടെത്തിയത് ഇന്നലെ രാത്രി. ആഷിക്കിന്‍റെ പെണ്‍സുഹൃത്താണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചതും. കാലിന്‍റെ രണ്ട് തുടയിലും മുട്ടിന് കീഴിലുമുണ്ടായിരുന്ന മുറിവുകളിലൂടെ ചോരവാര്‍ന്നായിരുന്നു ആഷിക്കിന്‍റെ മരണം. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്ന് ആഷിക്കിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം തുടക്കത്തില്‍ തന്നെ ഉന്നയിച്ചു.
കുടുംബത്തിന്‍റെ സംശയം ശരിവെച്ച് യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. തന്‍റെ ഭാര്യയുമായി ആഷിക്കിന് ബന്ധമുണ്ടായിരുന്നു ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നും മൊഴി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനുണ്ട്.
ദമ്പതികള്‍ ഒരുമിച്ചാണ് സ്ഥലതെത്തിയതെന്നാണ് വിവരം. യുവതിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്. ലഹരിയിടപാടുകളിലും ഇവര്‍ പങ്കാളികളാണെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താനാണ് പൊലീസിന്‍റെ ശ്രമം.