TOPICS COVERED

കോഴിക്കോട് പന്തീരാങ്കാവിലെ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താനാവാതെ പൊലീസ്. പ്രതി ഷിബിന്‍ ലാലിനെ പിടികൂടി 13 ദിവസം കഴിഞ്ഞിട്ടു പണം എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. രാമനാട്ടുകര ബാങ്കില്‍ നിന്ന് പന്തീരാങ്കാവ് അക്ഷയ ഫിനാന്‍സിലേക്ക്  കൊണ്ടുവന്ന നാല്പത് ലക്ഷം രൂപയാണ് ഷിബിന്‍ലാല്‍ തട്ടിയെടുത്തത്

ഈ മാസം 11നായിരുന്നു രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ ലാല്‍ നാല്പത് ലക്ഷം രൂപ കവര്‍ന്നത്. കൃത്യമായി ആസൂത്രണത്തോടെയായിരുന്നു മോഷണം. ഒളിവില്‍ പോയ അടുത്തദിവസം ഷിബിന്‍ ലാലിനെ പൊലീസ് പിടികൂടി. എന്നാല്‍ 55000 രൂപ മാത്രമാണ്  പ്രതിയുടെ കൈയില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.  ബാക്കി 39,45000 രൂപ ഇതുവരെ കണ്ടെത്താനായിട്ടില്ല. പണം കോഴിക്കോട് നഗരത്തില്‍ തന്നെ ആര്‍ക്കോ കൈമാറിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. 

കോഴിക്കോടുള്ള പെണ്‍സുഹൃത്തുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.  പണം രണ്ട് ദിവസത്തിനുള്ളില്‍ റെഡിയാവുമെന്ന് കവര്‍ച്ച നടത്തുന്നതിന് മുമ്പ് ഷിബിന്‍ ലാല്‍ പെണ്‍സുഹൃത്തിനെ അറിയിച്ചതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ കയ്യിലും പണം എത്തിയിട്ടില്ലെന്നാണ് വിവരം. 

ബാങ്ക് ജീവനക്കാരാണ് തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും അതിന്‍റെ കമ്മീഷനായാണ് 55000 രൂപയെന്നുമാണ് ഷിബിന്‍ ലാല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കേസിനെ വഴിതെറ്റിക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനുശേഷം മുങ്ങിയ ഷിബിന്‍ ലാലിനെ ബൈക്കില്‍ പാലക്കാട് എത്തിച്ചത് മറ്റൊരാളാണ്. ഇയാളെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.  ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം

ENGLISH SUMMARY:

Despite arresting the main accused, Shibin Lal, police are yet to recover ₹39.45 lakh out of ₹40 lakh stolen from a Kozhikode bank transfer. The heist, executed on June 11, involved deceiving bank staff and was allegedly planned in detail. Investigators suspect the money was handed over in Kozhikode, possibly involving a female acquaintance, though no cash has been traced yet.