എറണാകുളം പെറ്റ് ഹോസ്പിറ്റലില്‍ നാദിര്‍ഷയുടെ പൂച്ച ചത്തത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാദിര്‍ഷ ആരോപിച്ചതുപോലെ ജീവനക്കാര്‍ കഴുത്തില്‍ കുരുക്കിട്ടതിന്‍റെ ലക്ഷണങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൂച്ചയുടേത് സ്വാഭാവിക മരണമെന്നുറപ്പിച്ചതോടെ കേസെടുക്കേണ്ടെന്നാണ് പാലാരിവട്ടം പൊലീസിന്‍റെ തീരുമാനം.
അനസ്തീസിയക്കായി ആശുപത്രിയിലെത്തിച്ച വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നുവെന്നായിരുന്നു നടന്‍ നാദിര്‍ഷയുടെ ആരോപണം. ചികിത്സാപിഴവാരോപിച്ച് പാലാരിവട്ടത്തെ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി നല്‍കിയ നാദിര്‍ഷ സമൂഹമാധ്യമത്തില്‍ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടുരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ പാലാരിവട്ടം പൊലീസ് ആശുപത്രിയിലടക്കം പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. ബുധനാഴ്ച പോസ്റ്റമോര്‍ട്ടം നടത്തി ഇന്ന് റിപ്പോര്‍ട്ട് ജില്ലാ വെറ്ററിനറി ഡോക്ടര്‍ പൊലീസിന് കൈമാറി. പൂച്ച ചത്തത് ഹൃദായാഘാതത്താലാണെന്നും മുന്‍പുണ്ടായിരുന്ന രോഗങ്ങളുടെ തുടര്‍ച്ചയാകാം ഇതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ഒപ്പം മറ്റ് മുറിവുകളോ ക്ഷതങ്ങളോ പൂച്ചയുടെ ശരീരത്തിലില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പരാതി തീര്‍പ്പാക്കാനുള്ള പാലാരിവട്ടം പൊലീസിന്‍റെ തീരുമാനം. ഹൃദയാഘാതമാണ് പൂച്ചയുടെ മരണകാരണമെന്ന് നാദിര്‍ഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രിയുടെ ഉടമകൂടിയായ ഡോക്ടര്‍ അനീഷ് ആന്‍റണി അന്ന് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. പേര്‍ഷ്യന്‍ സ്നോബെല്‍ ഇനത്തില്‍പ്പെട്ട നാദിര്‍ഷയുടെ പൂച്ചയ്ക്ക് നാല് വയസായിരുന്നു പ്രായം.