TOPICS COVERED

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. സൗബിനടക്കമുള്ള പ്രതികൾക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തീയതി ഹൈക്കോടതി നീട്ടി നൽകി. ഈ മാസം 27 വരെയാണ് സൗബിനടക്കമുള്ളവർക്ക് സമയം നീട്ടി നൽകിയത് .

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മിച്ച പറവ ഫിലിംസിന്‍റെ പാർട്ണർമാരായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ചോദ്യം ചെയ്യലിനായി ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. എന്നാൽ പ്രതികളുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ഹാജരാക്കാനുള്ള സമയം ഈ മാസം 27 വരെ നീട്ടി നൽകി. സൗബിൻ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ മൂന്നുപേർക്കും മരട് പൊലീസ് നോട്ടീസ് നൽകിയത്. അരൂർ സ്വദേശി സിറാജ് വലിയതുറ ഹമീദിൻ്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് കേസ് എടുത്തത്. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം. 26 തവണയായി അഞ്ചു കോടി 99 ലക്ഷം നൽകിയത് ഉൾപ്പെടെ 7 കോടി പരാതിക്കാരൻ നിർമ്മാതാക്കൾക്ക് നൽകി. മാർക്കറ്റിങിനടക്കം 22 കോടി രൂപ ചിലവായെന്നായിരുന്നു നിർമ്മാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽ നിന്നും ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ കരുതിക്കൂട്ടി പരാതിക്കാരനെ ചതിക്കുകയായിരുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു

ENGLISH SUMMARY:

In the Manjummel Boys financial fraud case, actor Soubin Shahir has received temporary relief as the High Court extended the deadline for him and other accused to appear before the investigation team. The new date for appearance has been extended till the 27th of this month.