പത്തനംതിട്ട മെഴുവേലിയിലെ നവജാതശിശുവിന്‍റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. വലിച്ചെറിഞ്ഞപ്പോഴാണ് തലയ്ക്ക് ക്ഷതമേറ്റ് മരണം സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്‍റെ ജഡം സമീപത്തെ പറമ്പില്‍ കണ്ടെത്തിയത്.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പ്രസവിച്ച ശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്ന് വിദ്യാര്‍ഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. ഈ ഏറിലാണ് തലയ്ക്ക് പരുക്കേറ്റ് മരിച്ചത് എന്നാണ് വിലയിരുത്തല്‍. സ്വയം പൊക്കിള്‍ക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നു എന്നും ആ സമയത്ത് തല ഇടിച്ചതാകാം എന്ന മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല.
രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രി വിട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മാനസിക നില പരിശോധിച്ച് ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും നല്‍കും. എട്ടാംക്ലാസുമുതല്‍ ബന്ധമുള്ള കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദി. ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ല എന്നാണ് വീട്ടുകാരുടെ മൊഴി. കാമുകനേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.