കാര്‍ നിര്‍ത്തുന്നു, പരിചയം നടിക്കുന്നു, സംസാരിക്കുന്നതിനിടെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റും. കാറില്‍ കയറിയാല്‍ ലൈംഗിക വൈകൃതവും അതിക്രമവും. ചെയ്തികള്‍കൊണ്ട് ചാക്കോ ഒരു സൈക്കോ എന്ന് ഉറപ്പിക്കുകയാണ് പൊലീസ്. തൃശൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതോടെയാണ് ചാക്കോയ്ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ച പൊലീസിന്‍റെ പിടിയിലാകുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ എറണാകുളം തൃശൂര്‍ ജില്ലകളിലായി മൂന്നിടത്തുവെച്ചാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ചാക്കോ ശ്രമിച്ചത്.
ആദ്യ ശ്രമം നെടുമ്പാശേരിയില്‍
തൃശൂര്‍ ഇരിങാലക്കുട വല്ലക്കുന്നില്‍ യുവതിയെ ചാക്കോ തട്ടിക്കൊണ്ടുപോയത് ഈ മാസം പതിനാലിന്. ഇതിന് രണ്ട് ദിവസം മുന്‍പായിരുന്നു നെടുമ്പാശേരിയിലെ കിഡ്നാപ്പിങ് നീക്കം. മകളെ സ്കൂളിലാക്കി സ്കൂട്ടറില്‍ മടങ്ങിയ വീട്ടമ്മയെ ഉന്നമിട്ടായിരുന്നു നീക്കം. കാറില്‍ പരിസരത്ത് ചുറ്റികറങ്ങിയ ചാക്കോ സ്കൂട്ടറില്‍ വന്ന വീട്ടമ്മയ്ക്ക് നേരെ കാറിലിരുന്ന് കൈകാട്ടി. വീട്ടമ്മ സ്കൂട്ടര്‍ നിര്‍ത്തിയതോടെ ആദ്യം ചില സംശയങ്ങള്‍ ഉന്നയിച്ചു ചാക്കോ. ഇതിനിടെ മഴവരുന്നുണ്ട് കാറില്‍ കയറിയിരിക്കാന്‍ വീട്ടമ്മയോട് ചാക്കോ ആവശ്യപ്പെട്ടു. ഇത് നിരസിച്ച വീട്ടമ്മ സ്ഥിതി പന്തിയല്ലെന്ന് മനസിലാക്കി സ്ഥലംവിടാന്‍ തീരുമാനിച്ചു. ഇതോടെ ചാക്കോ വീട്ടമ്മയുടെ കയ്യില്‍ കയറിപിടിച്ച് കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച വീട്ടമ്മ ബഹളം വച്ചതോടെ ചാക്കോ കാറെടുത്ത് രക്ഷപ്പെട്ടു.
വാര്‍ത്ത വഴികാട്ടി
തന്നെ ആക്രമിച്ച കാര്‍ ഡ്രൈവറെ നെടുമ്പാശേരിയിലെ വീട്ടമ്മ തിരിച്ചറിഞ്ഞത് മനോരമ ന്യൂസടക്കം പുറത്തുവിട്ട വാര്‍ത്തയിലൂടെയാണ്. പൊലീസ് പിടിയിലായ ചാക്കോയുടെ ദൃശ്യങ്ങള്‍ ചാനലില്‍ കണ്ട വീട്ടമ്മ സംശയവുമായി നെടുമ്പാശേരി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിയിലെ അക്രമി ചാക്കോയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ചാക്കോയുടെ കാര്‍ നെടുമ്പാശേരിയിലും വീട്ടമ്മയെ ആക്രമിച്ച പരിസരത്തും എത്തിയെന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് ഉറപ്പിച്ചു. ചാക്കോയ്ക്കതിരെ കേസെടുത്ത പൊലീസ് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
രണ്ട് ദിവസത്തിനിടെ മൂന്ന് ശ്രമം
വ്യാഴാഴ്ച നെടുമ്പാശേരിയില്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ചാക്കോ ഇതേ ലക്ഷ്യവുമായി ശനിയാഴ്ച വീണ്ടും എറണാകുളം ജില്ലയിലെത്തി. ചെങ്ങമനാടായിരുന്നു അടുത്ത ശ്രമം. ഇവിടെ റോഡരികിലൂടെ നടന്നുപോയ യുവതിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റാനായിരുന്നു ശ്രമം. ബലപ്രയോഗം യുവതി പ്രതിരോധിച്ചതോടെ ചാക്കോ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് തൃശൂര്‍ ജില്ലയിലെ വല്ലക്കുന്നിൽ വഴിയരികിലൂടെ നടന്ന് പോകുകയായിരുന്നു പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയത്. കാറില്‍ കയറ്റുന്ന സ്ത്രീകളെ ആക്രമിക്കുന്ന ചാക്കോ കാറില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്യും. മുന്‍പും സമാനമായ അതിക്രമങ്ങള്‍ ചാക്കോ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിക്കുന്ന വിവരം. മുപ്പത്തിയൊന്നുകാരനായ ചാക്കോ ജെ ആലപ്പാട്ട് ഒല്ലൂർ സ്വദേശിയാണ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ കച്ചവടമാണ് ജോലി.