വ്യാജ ട്രേഡിങ് വാഗ്ദാനം നൽകി വനിതാ സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ ഒഡീഷ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പൊലീസ് പിടികൂടി. മാനന്തവാടി സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്
ടെലഗ്രാം വഴി സിനിമാ റിവ്യൂ ചെയ്ത് വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ് വെയർ എൻജിനിയറെ ഇയാൾ സമീപിച്ചത്. പിന്നീട് ഓൺലൈൻ ട്രേഡിങ്ങ് വഴി ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് പല തവണയായി 13 ലക്ഷം രൂപ കൈവശപ്പെടുത്തി. തട്ടിപ്പ് മനസിലായതോടെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ വഴി യുവതി പരാതി നൽകി. കഴിഞ്ഞ വർഷം മാർച്ചിൽ ലഭിച്ച പരാതിയിൽ സൈബർ പൊലീസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ചെന്നൈ സ്വദേശിയായ മുരുകൻ എന്ന ഓട്ടോ ഡ്രൈവറെ പിടികൂടി. ഇയാളിൽ നിന്നാണ് പ്രതിയായ ഒഡിഷ സ്വദേശിയായ സുശീൽ കുമാർ ഫാരിഡയിലേക്ക് എത്തുന്നത്. സാധാരണക്കാരുടെ പേരിൽ വിവിധ ഇടങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഇതിലൂടെ ആണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയായി മാറ്റി എടുത്തിരുന്നത്. മുംബൈയിൽ വച്ച് ആഡംബ കാറിൽ യാത്ര ചെയ്യവേ ആണ് പ്രതിയെ പിടികൂടിയത്. മുംബൈയിൽ മോഡലിങ്ങ് നടത്തിവരുന്ന പ്രതി ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം ചെലവഴിച്ചിരുന്നത്. ഇയാളിൽ നിന്ന് നാല് ഫോണുകൾ, നിരവധി എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവയും കണ്ടെടുത്തു.