ആലപ്പുഴഹരിപ്പാട് താമല്ലാക്കലിൽ സൈനികന്റെ വീട്ടിൽ നിന്ന് 16 പവനും കരുവാറ്റ കന്ന്കാലി ഭാഗത്ത് നിരവധി കടകളും കുത്തി തുറന്നു മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം സ്വദേശി റഫീഖിനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബീമാപ്പള്ളി ഭാഗത്തു വെച്ചാണ് ഇയാൾ പിടിയിലായത്. റഫീഖ് കഴിഞ്ഞ മാസം 26നാണ് ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്.
ഈ മാസം 6 ന് പുലർച്ചെയായിരുന്നു സൈനികന്റെ വീട്ടിൽ മോഷണം. മോഷണത്തിന് മുൻപ് പ്രതി കരുവാറ്റ ഭാഗത്ത് ഒരു വീട്ടിലെ ഷെഡ് കുത്തി തുറന്ന് കമ്പിപാര, പിക്കാസ് എന്നിവ എടുത ശേഷം വീടിന്റെ ശുചിമുറിയിൽ കയറി കുളിക്കുകയും അവിടെ വെച്ചു വേഷം മാറുകയും ചെയ്തിരുന്നു. ഫ്യൂസ് ഊരി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു കവർച്ച. ബന്ധു വീട്ടിൽപോയിരുന്ന വീട്ടുകാർ തിരികെ വന്നപ്പോളാണ് മോഷണം നടന്നതായി അറിയുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ മാസം പതിനൊന്നിന് കരുവാറ്റ ഗുരുമന്ദിരത്തിന്റെ കണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയതും താനാണെന്ന് ചോദ്യം ചെയ്യലിൽ റഫീഖ് സമ്മതിച്ചു. വിവിധ ജില്ലകളിലായി ആയി ഇയാൾക്കെതിരെ 80 ഓളം കവർച്ച കേസുകൾ ഉള്ളതായി പൊലിസ് പറഞ്ഞു.