കൊച്ചിയില്‍ പട്ടാപ്പകല്‍ കടകളില്‍ നിന്ന് ഒരു ഡസനിലേറെ ബാറ്ററികള്‍ മോഷ്ടിച്ച ബാറ്ററി കള്ളന്‍ മുളവുകാട് പൊലീസിന്‍റെ പിടിയില്‍. ഒരുമാസത്തിനിടെ കള്ളന്‍ കവര്‍ന്ന പതിനഞ്ച് ബാറ്ററികള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ആക്രികടയില്‍ പണിക്ക് പോയതാണ് ബാറ്ററി മോഷണത്തിന് പ്രചോദനമായതെന്നാണ് കള്ളന്‍റെ മൊഴി.
മുരിക്കുംപ്പാടം സ്വദേശി പ്രസാദിനെ കഴിഞ്ഞ ദിവസമാണ് മുളവുകാട് പൊലീസ് പൊക്കിയത്. ആഴ്ചകളായി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടന്ന പ്രസാദ് കുടുങ്ങിയത് പണിക്കരുപടിയിലെ ബാറ്ററി സര്‍വീസ് ഷോപ്പില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് നടത്തിയ മോഷണമാണ്.
ഉച്ചനേരത്തായിരുന്നു മോഷണമത്രെയും. കടയുടമകള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം നമ്പറ്‍ മറച്ച സ്കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തി ബാറ്ററികളുമായി രക്ഷപ്പെടും. ബാറ്ററി ഒന്നിന് ആറായിരം രൂപവരെയാണ് പ്രസാദിന് ആക്രിക്കടയില്‍ നിന്ന് ലഭിച്ചിരുന്നത്. ഞാറയ്ക്കല്‍ മുളവുകാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരുമാസത്തിനിടെ മോഷണം നടന്നത് ആറ് കടകളില്‍. സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ പ്രദേശത്തെ ആക്രിക്കടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നിര്‍ണായകമായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന പ്രസാദ് ആക്രിക്കടയില്‍ ജോലിക്ക് പോയതാണ് വഴിത്തിരിവായത്. ജോലികഴിഞ്ഞ വിശ്രമിക്കുന്നതിനിടെ ഒരാള്‍ കടയില്‍ ബാറ്ററികൊണ്ടുവന്ന് കൊടുത്തത് പ്രസാദ് കാണാനിടയായി. പഴയ ബാറ്ററികള്‍ക്ക് നല്ലവിലയുണ്ടെന്ന് ആക്രിക്കടയുടമ പറഞ്ഞതോടെ പ്രസാദിന്‍റെ ചിന്ത റോക്കറ്റായി. അങ്ങനെ മോഷണമായി ഇപ്പോള്‍ പിടിയിലുമായി. കൂടുതല്‍ ബാറ്ററി മോഷണക്കേസുകളിലും പ്രസാദിന് പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.