കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാരെ പ്രതിചേര്‍ത്തു. പിന്നാലെ ഇരുവര്‍ക്കും സസ്പെന്‍ഷന്‍. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരായ വകുപ്പുതല നടപടിയും ഉടന്‍ ഉണ്ടാകും.
പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ.സനിത്ത് എന്നിവര്‍ക്ക്സെക്സ് റാക്കറ്റുമായി ഷൈജിത്തിനും സനിത്തിനും ഉള്ളത് അടുത്ത ബന്ധം. പൊലിസിന്‍റെ സ്വാധീനം ഉപയോഗിച്ച് റാക്കറ്റിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ഇരുവരുമാണ്. പിടിയിലായ നടത്തിപ്പുകാരിയടക്കമുള്ള 9 പേരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെണ്‍വാണിഭ സംഘത്തിന്‍റെ നടത്തിപ്പുകാരി ഷൈജിത്തിനെയും സനിത്തിനെയും ഫോണില്‍ ബന്ധപ്പെടാത്ത ദിവസങ്ങളില്ല. ഇതിന് പുറമേ ഷൈജിത്തിന് ദിനംപ്രതി വരുമാനവിഹിതവും അയച്ചുനല്‍കിയിരുന്നു. പലപ്പോഴും നടത്തിപ്പുകാരില്‍ ഒരാളായിരുന്നു ഷൈജിത്ത്. പെണ്‍വാണിഭ സംഘത്തിന് വേണ്ടി പലയിടത്ത് നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്തിയതുമെല്ലാം ഷൈജിത്താണ്. ഇരുവര്‍ക്കുമെതിരായ വകുപ്പുതല നടപടിയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. റിപ്പോര്‍ട്ട് സിറ്റി പൊലിസ് കമ്മീഷണര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മലാപ്പറമ്പിലെ അപാര്‍ട്മെന്‍റില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്.