മരുമകള്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മേഘാലയയില്‍ കൊല്ലപ്പെട്ട രാജ രഘുവന്‍ഷിയുടെ അമ്മ ഉമ രഘുവന്‍ഷി.
സോനത്തോടൊപ്പം രാജ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും അവളോട് എന്തെങ്കിലും പ്രശ്മുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം.
'എന്തുകൊണ്ടാണ് അവള്‍ എന്‍റെ മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാഞ്ഞത്. രാജ അവളോടൊപ്പമാണ് പോയത്. അവനെ എന്തിനാണ് ഉപേക്ഷിച്ചത്. അവനോട് ആരാണിത് ചെയ്തത്. അവള്‍ കണ്ടുകാണുമല്ലോ? സോനം കുറ്റക്കാരിയാണെങ്കില്‍ അവളെ തൂക്കിലേറ്റണം, അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണം,' ഉമ പറഞ്ഞു.
സോനത്തിന്‍റെ കാമുകനും കേസിലെ മുഖ്യപ്രതിയുമായ രാജ് കുശ്വാഹയെ മകന്‍റെ സംസ്കാര ചടങ്ങില്‍ ചിലര്‍ കണ്ടിരുന്നുവെന്നും അമ്മ പറഞ്ഞു. സോനത്തിന്‍റെ അച്ഛനോട് കുശ്വാഹ സംസാരിക്കുന്നതും ചിലര്‍ കണ്ടു. സോനത്തെ മാസങ്ങളായി അറിയാം. അവള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് സമ്മതമാണോ എന്ന് രണ്ട് പേരോടും ചോദിച്ചിരുന്നതാണ്. സമ്മതമാണെന്നാണ് അന്ന് പറഞ്ഞതെന്നും ഉമ കൂട്ടിച്ചേര്‍ത്തു.
മേഘാലയിലെ ഹണിമൂണിനിടെയാണ് രാജ രഘുവന്‍ഷിയെ ഭാര്യ സോനം കാമുകനായ രാജ കുശ്വാഹയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മെയ് 23ന് കാണാതായ രാജയുടെ മൃതദേഹം ജൂണ്‍ രണ്ടിന് വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.