ഞാന്‍ റൂം എടുത്തു, വേഗം വാ.. കാമുകന്‍റെ ആ വിളി മരണത്തിലേയ്ക്കായിരുന്നുവെന്ന് ഹരിണി അറിഞ്ഞിരുന്നില്ലാ. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25-കാരനായ ഐടി ജീവനക്കാരന്‍ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കെങ്കേരി നിവാസികളായ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചുവരികയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തന്നെ അകറ്റിനിര്‍ത്താനുള്ള ഹരിണിയുടെ ശ്രമത്തില്‍ പ്രകോപിതനായാണ് യഷസ് ക്രൂരകൃത്യം നടത്തിയതെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസര്‍ പറഞ്ഞു. 17 തവണയാണ് ഹരിണിക്ക് കുത്തേറ്റത്. ജൂണ്‍ ആറാം തിയതി വൈകീട്ടോടെയാണ് ബെംഗളൂരുവിലെ പൂര്‍ണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലില്‍വെച്ച് ഹരിണി കൊല്ലപ്പെട്ടത്.