മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടുമ്പോൾ അപകടത്തിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി എത്തിയത് പൊലീസ്. ആശുപത്രിയിലെത്തി ചികിത്സയ്ക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കൾ മോഷ്ടാക്കളാണെന്ന് കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇടുക്കി അടിമാലിയിലാണ് സംഭവങ്ങൾക്ക് തുടക്കം. വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിയ രണ്ട് യുവാക്കളെ അടിമാലി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. കാലിനും കൈകൾക്കും പരുക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പരസ്പരവിരുദ്ധമായ മറുപടി.
ഒടുവിൽ ബൈക്ക് ഉടുമ്പൻചോലയിൽ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കൾ സമ്മതിച്ചു. ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അരിവിളംച്ചാൽ സ്വദേശി അനൂപ്, അണക്കര സ്വദേശി ചന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ അടിമാലി പൊലീസ് ഉടുമ്പൻചോല പൊലീസിന് കൈമാറി.തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മുൻപും ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ടെന്ന് കണ്ടെത്തി. മറ്റ് സ്റ്റേഷൻ പരിധികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ബൈക്ക് മോഷണ കേസുകളുമായുള്ള പ്രതികളുടെ ബന്ധവും പൊലീസ് അന്വേഷിച്ചു വരികയാണ്.നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.