കോഴിക്കോട് പയ്യോളിയില്‍ മുഹമ്മദിന്‍റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകന്‍ മുഫീദ് നല്‍കിയ പരാതിയിലാണ് ചെരച്ചില്‍പള്ളിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മെയ് 26നാണ് മുഹമ്മദിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
27 വര്‍ഷമായി കുടുംബവുമായി അകന്ന് ഒറ്റക്ക് താമസിക്കുകയായിരുന്നു പ്രവാസിയായിരുന്ന മുഹമ്മദ്. മെയ് 26ന് മുഹമ്മദിനെ വീടിന് പുറത്തേക്ക് കാണാത്തതില്‍ അയല്‍വാസി ജനലിലൂടെ നോക്കിയപ്പേഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ വീടിന്‍റെ കതക് പൊളിച്ച് അകത്ത് കയറി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ എത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും വൈകീട്ട് ചെരച്ചില്‍ പള്ളിയില്‍ സംസ്ക്കരിക്കുകയും ചെയ്തു. പിന്നീട് വിവരം അറിഞ്ഞെത്തിയ മകന്‍ മുഫീദ് മരണ ശേഷവും പിതാവിന്‍റെ അകൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പയ്യോളി പൊലീസില്‍ പരാതി നല്‍കി.
മരണാനന്തര ചടങ്ങുകള്‍ക്ക് സ്വന്തം പണം തന്നെ ഉപയോഗിക്കണമെന്ന് മരിച്ച മുഹമ്മദ് എഴുതി വച്ചിട്ടുണ്ടെന്നായിരുന്നു സഹോദരന്‍ ഇസ്മയിലിന്‍റെ പ്രതികരണം. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ സഞ്ജയ്, ആര്‍.ഡി.ഒ പയ്യോളി പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം പുറത്തെടുത്തത്.