തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വനിതാ ജീവനക്കാരുടെ പരാതിയില്‍ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ്. കൃഷ്ണകുമാറിന്‍റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലെടുത്ത കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേര്‍ പ്രതികള്‍. കടയിലെ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചപ്പോഴാണ് പരാതിയെന്ന് കൃഷ്ണകുമാറും ദിയയും മനോരമ ന്യൂസിനോട് പറഞ്ഞു. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും.

ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇവരും ഭര്‍ത്താക്കന്‍മാരും ആദ്യം ദിയയുടെ ഫ്ളാറ്റിലെത്തിച്ച് 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

സ്വന്തം മൊബൈലിലെ ക്യൂ ആര്‍ കോഡിലേക്ക് ജീവനക്കാര്‍ പണം വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും കൃഷ്ണകുമാര്‍ പുറത്തുവിട്ടു.

എന്നാല്‍ നികുതി വെട്ടിക്കാനായി ദിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങലെന്നാണ് മറുപടി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ആദ്യം അഞ്ച് ലക്ഷം കൊടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോയി സ്ത്രീകളെ തടഞ്ഞുവെച്ചുംമൂന്നരലക്ഷം കൂടി വാങ്ങിച്ചു. അഹാന ഉള്‍പ്പടെ കൃഷ്ണകുമാറിന്‍റെ കുടുംബവും ജീവനക്കാരും ഭീഷണിപ്പെടുത്താനുണ്ടായിരുന്നു. കൃഷ്ണകുമാറിന്‍റെ സഹായി പൊലീസാണെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും പരാതിയുണ്ട്.. രണ്ട് പരാതികളും പരിശോധിച്ച ശേഷം നടപടിയെന്നാണ് മ്യൂസിയം പൊലീസിന്‍റെ നിലപാട്. 

ബി.ജെ.പി നേതാവ് കൃഷ്ണകുമാറും– മകളുടെ കടയിലെ ജീവനക്കാരും പരസ്പരം ഗുരുതര പരാതികളുമായെത്തിയതോടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ്. പണം വീതിച്ചെടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കൃഷ്ണകുമാറും കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്ത ശബ്ദരേഖ വനിതാ ജീവനക്കാരും പുറത്തുവിട്ടു. 69 ലക്ഷം രൂപ നഷ്ടമായത് അറിയാന്‍ വൈകിയത് മുതല്‍ പരാതി നല്‍കാന്‍ വൈകിയത് വരെ ഇരുവരുടെയും പരാതികളിലെ ദുരൂഹതയായി അവശേഷിക്കുന്നുമുണ്ട്. 

സ്വര്‍ണമല്ലാത്ത  ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കടയാണ് ദിയയുടേത്. കഴിഞ്ഞ ജൂലായ് മുതല്‍ മെയ് വരെയുള്ള 11 മാസം കൊണ്ട് ലക്ഷങ്ങളുടെ കച്ചവടം നടന്നൂവെന്നതും അതില്‍ തന്നെ 69 ലക്ഷം രൂപ ജീവനക്കാര്‍ അടിച്ച് മാറ്റിയത് അറിഞ്ഞില്ലായെന്നതുമാണ് കൃഷ്ണകുമാറിന്‍റെ പരാതിയിലുയരുന്ന പ്രധാന സംശയം. പക്ഷെ വിശദീകരണം ഇങ്ങിനെ.

69 ലക്ഷം ഉണ്ടോയെന്ന് ഉറപ്പില്ലങ്കിലും പണം ജീവനക്കാരുടെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. അത് മൂവരും വീതിച്ചെടുത്തെന്ന് അവര്‍ തന്നെ സമ്മതിക്കുന്നത് സാമ്പത്തിക തട്ടിപ്പിന് തെളിവാകുന്നു. നടി അഹാന നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നായിരുന്നു വനിത ജീവനക്കാരുടെ ആദ്യവാദം. തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് 30 ാം തീയതി രാവിലെ ഫ്ളാറ്റിലേക്കെത്തിയാണ് 5 ലക്ഷം രൂപ കൊടുത്തതെന്ന് വ്യക്തമായി. ഇതെന്തിനാണെന്ന ചോദ്യം വനിതാ ജീവനക്കാരുടെ ആരോപണങ്ങളെ സംശയനിഴലിലാക്കുന്നുണ്ട്.

എന്നാല്‍ ജീവനക്കാര്‍ പറയുന്നത് പോലെ ജീവിതം തുലക്കുമെന്ന് ദിയ അയച്ച സന്ദേശം അവര്‍ക്ക് അനുകൂലവുമാകുന്നു. തട്ടിക്കൊണ്ടുപോയത് 30നാണ്. അന്ന് വൈകിട്ട് വിട്ടയച്ചിട്ടും രണ്ട് ദിവസം ജീവനക്കാര്‍ പരാതി നല്‍കാതിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ജീവനക്കാര്‍ പരാതിയുമായെത്തിയതെന്ന് പൊലീസും വിശദീകരിക്കുന്നു.അതിനിടെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദവും പുറത്തുവന്നു. 

ENGLISH SUMMARY:

Complaint filed against actor Krishnakumar for kidnapping and extorting money