യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും കവര്‍ന്ന കേസിലെ പ്രതി ധന്യ പൊലിസില്‍ കീഴടങ്ങിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ ആണ് കീഴടങ്ങിയത്. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ധന്യ യുവാവിന്റെ നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി ഹണിട്രാപ്പിലൂടെ പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസിൽ കുടുക്കിയ കേസിലും പ്രതിയാണ് ഇവര്‍. ഹണി ട്രാപ്പ് കേസിൽ യുവാവ് പരാതി നൽകിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്നാണ് ധന്യ വിജിലൻസിനു പരാതി നൽകിയത്. കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ കേസെടുത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയും ഇത്തരത്തിൽ കള്ളക്കേസുകളിൽ കുടുക്കി പണം തട്ടിയെടുത്തെന്നാണ് വിവരം.
2022 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു ഹണിട്രാപ്പ് കേസിന് ആസ്പദമായ സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ ധന്യയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുഎസ് ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരനായ യുവാവ്. സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗർഭിണിയാണെന്ന കാരണത്താൽ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചു.