നടുറോഡില്‍ യുവാവിനെ ഇടിച്ചുതെറിപ്പിക്കുന്ന ഒരു ഥാര്‍ എസ്‌യുവി, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടത്ത് വൈറലാകുന്ന വിഡിയോ. ഇതിന്് പിന്നാലെ കാര്യം അന്വേഷിച്ച പൊലീസ് ഞെട്ടി. ഇന്‍സ്റ്റഗ്രാമിലെ കമന്റിന്റെ പേരിലുണ്ടായ തര്‍ക്കമാണ് നടുറോഡില്‍ കയ്യാങ്കളിയിലേക്കും പിന്നീട് വാഹനം ഇടിപ്പിക്കുന്നതിലേക്കും കടന്നത്. കാറുപയോഗിച്ച് ഇടിച്ചയാളും ഇടി കൊണ്ടയാളും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്‍സ്റ്റയില്‍ കമന്റിടുന്നതുമായി ബന്ധപ്പെട്ട് ഈ രണ്ട് കൂട്ടരും നോയിഡ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവദിവസം കമന്റുകളുടെ പേരുംപറഞ്ഞ് ഇരുകൂട്ടരും വീണ്ടും തല്ലുണ്ടായി. കമന്റുബോക്‌സില്‍ തുടങ്ങിയ തല്ല് അങ്ങനെ നടുറോഡിലെത്തി.ഇരുകൂട്ടരും തമ്മില്‍ റോഡില്‍ പൊരിഞ്ഞ തമ്മില്‍തല്ലും നടന്നു. ഇതിനുശേഷമാണ് വാഹനം ഉപയോഗിച്ച് ഇടിച്ചിടുന്ന സ്ഥിതിയിലേക്ക് എത്തിയത്. വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ അപകടകരമായ ഡ്രൈവിങ്, അപായപ്പെടുത്തല്‍, അപായപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.