കാസർകോട് വെള്ളരിക്കുണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അടിപിടിയിൽ 62-ാമത്തെ വയസ്സിൽ പ്രതികാരം തീർത്ത രണ്ടുപേർ പിടിയിൽ. വെള്ളരിക്കുണ്ട് മാലോം സ്വദേശികളായ ബാലകൃഷ്ണൻ , മാത്യു വലിയപ്ലാക്കൽ എന്നിവരാണ് വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലായത്. മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി.ജെ ബാബുവിനെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലാണ് ആക്രമണം ഉണ്ടായത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞു നിർത്തി, മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ബാബുവിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചപ്പോഴാണ് 50 വർഷം പഴക്കമുള്ള പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്. മാലോം നാട്ടക്കല്ല് എയ്ഡഡ് യുപി സ്കൂളിലാണ് മൂവരും നാലാം ക്ലാസിൽ ഒന്നിച്ച് പഠിച്ചത്. പരുക്കേറ്റ ബാബു നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണനെ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ ആക്രമണത്തിന്റെ തലേദിവസം ഇവർക്കിടയിൽ തർക്കം നടന്നിരുന്നു. പിന്നാലെ തിങ്കളാഴ്ച മദ്യലഹരിയിൽ ആക്രമണം നടത്തിയത്.
കാലങ്ങളായി ഇവർ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഇടയ്ക്കിടെ പഴയ അടിപിടിയെ ചൊല്ലി ബാലകൃഷ്ണനും ബാബുവും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ അതൊരു അക്രമത്തിലേക്ക് വഴിമാറുമെന്ന് ബാബു ഒരിക്കലും കരുതിയിരുന്നില്ല. അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.