ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ്‌ കസ്റ്റഡിയിൽ വിട്ടത്. സുകാന്തിന്‍റെ  ലൈംഗികശേഷി പരിശോധനയും നടത്തും

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

അസ്വഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. കുടുംബം ആരോപണം ഉന്നയിക്കുകയും ആ വഴിക്ക് അന്വേഷണം നീളുകയും ചെയ്തതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി ആരോപിച്ച യുവതിയുടെ പിതാവ് തെളിവുകള്‍ പൊലീസിനു നല്‍കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്‍റെ പങ്ക് പുറത്തുവന്നത്. ഇയാളെ ഐബി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Sukant Suresh, the individual accused in connection with the suicide of an Intelligence Bureau (IB) officer, has been placed in police custody until June 5th. Authorities will transport him to Thiruvananthapuram and Ernakulam districts for a thorough investigation. Furthermore, a potency test will be conducted on Sukant as part of the ongoing inquiry.