പത്തനംതിട്ടയില്‍ പുരുഷ ഹോംനഴ്സിന്‍റെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന അല്‍ഹൈമേഴ്സ് രോഗി മരിച്ചു. കൊടുമണ്‍ സ്വദേശിയും മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ ശശിധരപിള്ളയാണ് മരിച്ചത്. മര്‍ദിച്ച കേസില്‍ ഹോംനഴ്സ് ഇപ്പോഴും റിമാന്‍ഡിലാണ്.
കഴിഞ്ഞ മാസം ഇരുപത്തിനാലാംതീയതിയാണ് മറവിരോഗമുള്ള ശശിധരപിള്ളയ്ക്ക് ഹോംനഴ്സിന്‍റെ മര്‍ദനമേറ്റത്. അന്ന് മുതല്‍ ഗുരുതരാവസ്ഥയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. വീട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരപിള്ളയെ നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് കൊടുമണ്‍ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തു. വടിയും ബെല്‍റ്റുംകൊണ്ടാണ് മര്‍ദിച്ചതെന്ന് പ്രതി സമ്മതിച്ചു.
52ാം വയസിലാണ് ശശിധരപിള്ളയ്ക്ക് മറവി രോഗം ബാധിച്ചത്. ഏഴ് വര്‍ഷമായി ചികില്‍സയിലാണ്. ഒന്നരമാസം മുന്‍പാണ് എഴുകോണ്‍ സ്വദേശി വിഷ്ണു ഹോംനഴ്സായി എത്തിയത്. വടികൊണ്ട് മുഖത്തടിച്ചത് കാരണം എല്ലുപൊട്ടിയിരുന്നു. ബെല്‍റ്റ് അടിയേറ്റ് ദേഹമാസകലം ചതഞ്ഞു.
ശശിധര പിള്ളയുടെ ഭാര്യ തഞ്ചാവൂരില്‍ അധ്യാപികയാണ്. മകള്‍ കൊച്ചിയില്‍ വിദ്യാര്‍ഥിനിയും. ഇത് കാരണമാണ് ഹോംനഴ്സിനെ ഏര്‍പ്പെടുത്തിയത്. പുറത്ത് പോകരുതെന്ന് ശശിധരപിള്ളയുടെ ഭാര്യ പറഞ്ഞതാണ് ആക്രമണ കാരണം. മര്‍ദിച്ച കേസില്‍ റിമാന്‍ഡിലുള്ള ഹോംനഴ്സ് വിഷ്ണുവിനെതിരെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലക്കുറ്റം ചുമത്തിയേക്കും. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം