ganja-thrissur

ലോറിയില്‍ കടത്തിയ കഞ്ചാവുമായി തൃശൂര്‍ പാലിയേക്കരയില്‍ നാല് യുവാക്കള്‍ പിടിയില്‍. സിജോ, ആഷ്‍വിന്‍,ഹാരിസ്, ജാബിര്‍ എന്നിവരാണ് പി‌ടിയിലായത്.  ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിയിരുന്നു പരിശോധന. ലോറിയുടെ നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക നിരീക്ഷണവും നടത്തി. 

odisha-ganja-tcr

പുലര്‍ച്ചെ നാലുമണിയോടെ പാലിയേക്കര ടോളിന് സമീപമെത്തിയ ലോറി പൊലീസ് തടഞ്ഞു. വിശദമായി പരിശോധിച്ചതോടെ എട്ടുചാക്കുകളിലായി സൂക്ഷിച്ച ക‍ഞ്ചാവ് കണ്ടെത്തി. പിടിയിലായ നാലു യുവാക്കളും മുന്‍പും കഞ്ചാവ് കടത്തുമായി ബന്ധമുള്ളവരാണെന്നും പൊലീസ് പറയുന്നു. അതേസമയം ഇത്രയും വലിയ അളവില്‍ കഞ്ചാവെത്തിക്കുന്നതിനായി പണം മുടക്കിയത് ആരാണെന്നും സാമ്പത്തിക ഉറവിടം ഏതാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ജില്ലയിയില്‍ വിറ്റഴിക്കാനാണ് കഞ്ചാവെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട്ടില്‍ പച്ചക്കറിയെടുക്കാന്‍ പോകുന്നുവെന്നായിരുന്നു ഉടമയോട് പറഞ്ഞിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ നിജസ്ഥിതിയും പൊലീസ് പരിശോധിക്കുകയാണ്. 

ENGLISH SUMMARY:

Thrissur police arrested four youths — Sijo, Ashwin, Harris, and Jabir — with 120 kg of ganja smuggled in a truck from Odisha. Acting on a tip-off received by the Chalakudy DySP, police conducted surveillance from Palakkad and intercepted the vehicle at Paliyekkara.