കേസ് ഒഴിവാക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിന് പിന്നാലെ ഇ.ഡിക്കെതിരെ ലഭിച്ച സമാനമായ പരാതികളിൽ അന്വേഷണം വിപുലമാക്കി വിജിലൻസ്. അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നിർണായക വിവരങ്ങൾ അടങ്ങിയ ഡയറി അടക്കം സുപ്രധാന രേഖകൾ വിജിലന്‍സിന് ലഭിച്ചു.
ഇഡിയെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും ദേശാഭിമാനിയുടെയും ചന്ദ്രികയുടെയും മുഖപ്രസംഗങ്ങളും നിശിതമായി വിമർശിച്ചു. കൈക്കൂലി കേസിൽ
ഇ.ഡി കേസ് ഇല്ലാതാക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിൽ ഏജന്റ് വിൽസൺ, ഹവാല ഇടപാടുകാരൻ മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രഞ്ജിത്തിന്‍റെ നിർദേശപ്രകാരമാണ് വിൽസണും മുകേഷും പ്രവർത്തിച്ചിരുന്നത്. ഇ.ഡിയുടെ അന്വേഷണ വലയത്തിലുള്ള മുപ്പതോളം പേരുടെ പട്ടിക അടങ്ങിയ രഞ്ജിത്തിന്റെ ഡയറി വിജിലൻസ് കണ്ടെത്തി. ഈ പട്ടികയിൽ പേരുള്ളവരിൽ നിന്ന് ഇ.ഡി അന്വേഷണത്തിന്റെ പേരുപറഞ്ഞ് പണം വാങ്ങാൻ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. രഞ്ജിത്തിൻറെ ലാപ്ടോപ്പും ഫോണും പരിശോധനയ്ക്ക് അയക്കും. ഇ.ഡിക്കെതിരെ ലഭിച്ച പുതിയ പരാതികളും അന്വേഷിക്കും.
ഒന്നാം പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യുക. ഇഡി പലപ്പോഴും തെളിവില്ലാതെ കേസുകൾ കെട്ടിച്ചമയ്ക്കുന്നുവെന്ന് ദേശാഭിമാനിയും കൊടകര കളളപ്പണം, സ്വർണക്കടത്ത് കേസുകളിൽ ഇ.ഡി നിലപാട് സംശയാസ്പദമെന്ന് ചന്ദ്രികയും വിമർശിച്ചു. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി. കൈക്കൂലി കേസിൽ ഇ.ഡി ചെന്നൈ സോണൽ സ്പെഷ്യൽ ഡയറക്ടർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.