കാസർകോട് ദളിത് പെൺകുട്ടിയുടെ മരണത്തില്‍ 15 വർഷത്തിനുശേഷം പ്രതി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയുടെ കുടുംബത്തിന് പ്രാദേശിക മാധ്യമപ്രവർത്തകൻ 25 ലക്ഷം വാഗ്ദാനം ചെയ്തെന്ന് കുടുംബം. പാണത്തൂർ സ്വദേശിയായ പ്രമുഖ വ്യവസായിയുടെ ബെനാമിയായാണ് മാധ്യമപ്രവർത്തകൻ എത്തിയതെന്നും, അറസ്റ്റിലായ പ്രതിക്കായി അഡ്വ. ആളൂരിനെ എത്തിച്ചത് ഇയാളെന്നുമാണ് സൂചന.
2010ൽ കാണാതായ കാസർകോട് അമ്പലത്തറ സ്വദേശിനിയായ 17കാരിയുടെ മരണത്തിൽ 15 വർഷത്തിന് ശേഷം പ്രതി ബൈജു പൗലോസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. എന്നാൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയെ പുഴയിൽ തള്ളിയെന്ന് മാത്രമാണ് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരിക്കുന്നത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം എങ്ങനെയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
അതിനിടയാണ് കേസിലെ മറ്റ് വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ നിന്നും പിന്മാറാൻ പെൺകുട്ടിയുടെ കുടുംബത്തിന് കാഞ്ഞങ്ങാട് സ്വദേശിയായ പ്രാദേശിക മാധ്യമപ്രവർത്തകൻ 25 ലക്ഷം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച പരാതി കുടുംബം പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയിരുന്നു.
പാണത്തൂർ സ്വദേശിയായ പ്രമുഖ വ്യവസായിക്ക് വേണ്ടിയാണ് മാധ്യമപ്രവർത്തകൻ 25 ലക്ഷം വാഗ്ദാനം ചെയ്തതെന്നാണ് സൂചന. ഒപ്പം നിലവിൽ അറസ്റ്റിലായ പ്രതിക്കായി അഡ്വക്കേറ്റ് ആളൂരിനെ എത്തിച്ചതും ഇയാൾ തന്നെ എന്നാണ് സംശയം. ഈ സാധ്യത ചൂണ്ടിക്കാട്ടി കേസിൽ മറ്റ് പലർക്കും ബന്ധമുണ്ടെന്ന് കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബൈജു പൗലോസിന് 25 ലക്ഷം വാഗ്ദാനം ചെയ്യാനോ അഡ്വക്കേറ്റ് ആളൂരിനെ എത്തിക്കാനോ ശേഷിക്കില്ല. പണം മുടക്കിയത് വ്യവസായി ആണെങ്കിൽ കേസിൽ അയാളുടെ പങ്ക് വളരെ വലുതായിരിക്കാം.