ഇടകൊച്ചിയില്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന്‍ ജോണിക്ക് മര്‍ദനമേറ്റത്. മകന്‍ ലൈജു തന്നെയാണ് മരണ വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ശനിയാഴ്ചയാണ് ഇടക്കൊച്ചി പാലാമറ്റം സ്വദേശി ടി.ജി ജോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോണിയും മകന്‍ ലൈജുവുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളി രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ശനിയാഴ്ച മകന്‍ ലൈജു തന്നെ നാട്ടുകാരോട് അച്ഛന്‍ മരിച്ച വിവരം പറഞ്ഞു. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ തന്നെ മരിച്ച ജോണിക്ക് മര്‍ദനമേറ്റതായി വ്യക്തമായി. പോസ്റ്റുമോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായും കണ്ടെത്തി. ഇതോടെയാണ് മകന്‍ ലൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് മര്‍ദനം ഉണ്ടായത്. ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് ജോണിയുടെ തലയ്ക്കും, കാലിനും വാരിയെല്ലിനും അടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രാവിലെ അച്ഛന്‍ ഉറക്കം എഴുന്നേല്‍ക്കാതായതോടെയാണ് മരിച്ച വിവരം അറിഞ്ഞതെന്നുമാണ് മകന്‍റെ മൊഴി. വെള്ളി രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായും ജോണിയുടെ നിലവിളി ശബ്ദം കേട്ടതായും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ലൈജു മദ്യത്തിനും ലഹരി മരുന്നിനും അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം