പത്തനംതിട്ട വടശേരിക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ ബന്ധുവും കൂട്ടാളിയും അറസ്റ്റില്‍. മദ്യപാനത്തിനിടെ സ്വത്തിനെക്കുറിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. മദ്യപിച്ച് ബോധമില്ലാതെ കിടന്ന് ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്.
ഇന്നലെയാണ് വടശേരിക്കരയില്‍ റെജിയെന്നയാളുടെ വീട്ടില്‍ ബന്ധുവായ ജോബിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലാകെ ചോരക്കളമായിരുന്നു. റെജി തന്നെയാണ് പൊലീസിനെ വിളിച്ചത്. ചോദ്യം ചെയ്യലിലാണ് കൊലപാതകം ചുരുളഴിയുന്നത്. ഭാര്യ ഉപേക്ഷിച്ച റെജി ഒറ്റയ്ക്കായിരുന്നു താമസം. അപകടത്തെ തുടര്‍ന്ന് റെജിയുടെ ഒരു കാല് മുറിച്ചു മാറ്റിയിരുന്നു. ബന്ധുവിന്‍റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞ് ജോബിയും റെജിയും ഒരു കുപ്പിയെടുത്ത് വീട്ടില്‍ മദ്യപിക്കുകയായിരുന്നു. ജോബിയുടെ അമ്മയുടെ സഹോദരിയുടെ മകന്‍ കൂടിയാണ് റെജി.
മദ്യപാനത്തിനിടെ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം ആരംഭിച്ചു. പിന്നാലെ ജോബി റെജിയുടെ കരണത്തടിച്ചു. ഇതോടെ റെജി സുഹൃത്ത് വിശാഖിനെ വിളിച്ചു. സുഹൃത്തിന്‍റെ കടയില്‍ നിന്ന് കത്തിയും കടം വാങ്ങിയാണ് വിശാഖ് വന്നത്. വന്നപാടെ ജോബിയുടെ കൈക്ക് വെട്ടുകയായിരുന്നു. കുറച്ച് കഴിഞ്ഞ് റെജി വീടിന്‍റെ മുകള്‍ നിലയിലേക്ക് പോയി. വിശാഖ് തിരിച്ചു പോയി കത്തി കഴുകി വൃത്തിയാക്കി സുഹൃത്തിന് തിരികെ കൊടുക്കുകയും ചെയ്തു. രാവിലെ ഇറങ്ങി വന്നപ്പോഴാണ് റെജി ജോബിയെ ചലനമില്ലാതെ കണ്ടത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. സ്ത്രീകളെ ഉപദ്രവിച്ചതിനും വധശ്രമത്തിനും അടക്കം ജയിലില്‍ കിടന്നയാളാണ് റെജി.