തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കരുമം സ്വദേശിനി ഷീജയാണ് മരിച്ചത്. ഷീജയ്ക്കൊപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് സജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൈമനം അമൃത സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയാണ്. അടുത്തബന്ധുവായ സുരേഷ് രാവിലെ മൃതദേഹം തിരിച്ചറിഞ്ഞു. ഷീജയ്ക്കൊപ്പം താമസച്ചിരുന്ന സജിയുടെ വീടിന് അടുത്തുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് മരണത്തില്‍ സജിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സുരേഷ് ആരോപിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.ശിവന്‍കുട്ടി, പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഇതിനിടെ, സജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സജികുമാറും ഷീജയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രി സജിയെ കാണാന്‍ ആണ് ഷീജ കൈമനത്ത് എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സജിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് കുടുംബവുമായി അകന്നുകഴിയുന്ന ഷീജ മെഡിക്കല്‍ കോളജിനടുത്ത് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.