തമിഴ്നാട് റാണിപ്പെട്ടില്‍ ഭാര്യാ മാതാവ് ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകം. പുതുക്കുടിയനൂര്‍ സ്വദേശി ബാലുവിനെ പൊലീസ് അറസ്റ്റുചെയ്തു. റാണിപ്പെട്ട് പുതുക്കുടിയനൂര്‍ സ്വദേശി ബാലുവും 26 കാരിയായ ഭുവനേശ്വരിയും 2021 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് മൂന്നുവയസുള്ള മകനുണ്ട്. ബാലു മദ്യപിച്ച് വരുന്നതും വഴക്കുണ്ടാക്കുന്നതും പതിവായതോടെ സഹികെട്ട് ഭുവനേശ്വരി കുഞ്ഞുമായി വീടുവിട്ടിറങ്ങി.
ഒരു വര്‍ഷമായി ഭുവനേശ്വരി അമ്മ ഭാരതിക്കൊപ്പം വലാജാ ടൗണിന് സമീപത്തെ വീട്ടിലാണ് താമസം. ഇന്നലെ രാത്രി ബാലു ഭാരതിയുടെ വീട്ടിലേക്ക് പോകുകയും ഭുവനേശ്വരിയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. വഴക്കിനിടെ രോഷാകുലനായ ബാലു അനുനയിപ്പിക്കാനെത്തിയ ഭാര്യാ മാതാവ് ഭാരതിയെ കൊലപ്പെടുത്തി. ഇതുകണ്ട് പേടിച്ച് ഭുവനേശ്വരി ഓടി രക്ഷപ്പെട്ടു.
ഈ സമയം ഇവരുടെ കുഞ്ഞ് വീട്ടിലുണ്ടായിരുന്നില്ല. ഭാരതിയെ കൊലപ്പെടുത്തിയ ശേഷം ബാലു കൊടക്കലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി. ഇയാളുമായി ഭുവനേശ്വരിക്ക് ബന്ധമുണ്ടെന്ന് ബാലു സംശയിച്ചിരുന്നു. ഈ സമയം വീട്ടില്‍ ബന്ധുവുണ്ടായിരുന്നില്ല. ഇയാളുടെ മാതാപിതാക്കളോട് ചോദിച്ചെങ്കിലും ഇയാള്‍ എവിടെയാണ് ഉള്ളതെന്ന് അവര്‍ ബാലുവിനോട് പറഞ്ഞില്ല.
ഇതിന്‍റെ ദേഷ്യത്തില്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് ഇരുവരേയും കൊലപ്പെടുത്തി. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും കേസ് എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുവിനെ പിടികൂടിയത്.