കോട്ടയം ഏറ്റുമാനൂരിൽ മദ്യ ലഹരിയിൽ വീട് മാറി ആക്രമണം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ചില്ല് ഉൾപ്പെടെ അടിച്ചു തകർത്ത പ്രതി പിടിയിൽ. വയനാട് സ്വദേശിയായ ഷിൻസാണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്.
മദ്യ ലഹരിയിൽ ആയിരുന്ന വയനാട് സ്വദേശി ഷിൻസ് ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നിരിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കടന്നു. അസഭ്യം വിളിയോടെ ആയിരുന്നു തുടക്കം. പ്രതി അക്രമാസക്തനെന്നും മദ്യലഹരിയിൽ എന്നും മനസ്സിലായതോടെ വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങിയില്ല. പിന്നാലെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് ബഹളം. ഏറെനേരം അസഭ്യം വിളിച്ചിട്ടും വാതിലിൽ കസേര കൊണ്ട് അടിച്ചിട്ടും ഏറ്റുമാനൂർ സ്വദേശിനിയായ ഡോക്ടറും കുടുംബവും പുറത്തേക്കിറങ്ങിയില്ല.. ഇതോടെ വീടിന്‍റെ പരിസരത്തുണ്ടായിരുന്ന എല്ലാം നശിപ്പിച്ചു. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്തു.
തുടർന്ന് കുടുംബം ഏറ്റുമാനൂർ പൊലീസിനെ വിളിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിയെ രാവിലെ വീട്ടുമുറ്റത്ത് നിന്ന് തന്നെ പിടികൂടിയിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ഷിൻസിന്‍റെ വൈദ്യപരിശോധന പൂർത്തിയാക്കി. പ്രതിയെ പരിചയമില്ലെന്നും വീട് മാറി ആക്രമിച്ചതാവാമെന്നും പരാതിക്കാരി പറഞ്ഞു. വീടിനു മുന്നിലെ ആക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. ഷിൻസിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നവരുടെ വീട് എന്ന തെറ്റിദ്ധാരണയിൽ നടത്തിയ അക്രമം ആണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.