ബെംഗളുരു നഗരത്തിലെ ബാറില്‍ തോക്കുചൂണ്ടി കവര്‍ച്ച. രാജാജി നഗറിലെ ബാറില്‍ പിന്നിലെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് തടയാനെത്തിയ സുരക്ഷാ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അന്‍പതിനായിരം രൂപ കവര്‍ന്നു.
സമ്പന്നര്‍ താമസിക്കുന്ന രാജാജി നഗറില്‍ പുലര്‍ച്ചെ മൂന്നരയോടയാണു നടകീയ സംഭവങ്ങള്‍ക്ക് തുടക്കം. ജോമെട്രി ബ്രൂവറിയെന്ന ബാറിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ തടയാനെത്തിയ സുരക്ഷാ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി. അമ്പതിനായിരം രൂപ കവര്‍ന്നു. സിസിടിവി സംവിധാനവും വൈദ്യുതിയും വിച്ഛേദിച്ചതിനു ശേഷമാണ് ഇയാള്‍ ബാറില്‍ കയറിയത്.
തോക്കിന്‍മുനയില്‍ നിന്നും രക്ഷപ്പെട്ട സുരക്ഷാ ജീവനക്കാരന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്. കുതിച്ചെത്തിയ ക്വിക്ക് റെസ്‍പോണ്‍സ് ടീമും സായുധ പൊലീസും കെട്ടിടം വളഞ്ഞു പരിശോധന തുടങ്ങി. പ്രദേശത്തേക്കുള്ള റോഡുകളെല്ലാം അടച്ചു ഡ്രോണ്‍ ക്യാമറ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെ തോക്കുമായി മോഷ്ടാവെത്തിയത് പൊലീസിനെയും അമ്പരിപ്പിച്ചിട്ടുണ്ട്.