കൊല്ലം കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരുപതുകാരൻ അറസ്റ്റിലായി. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായത്. കടയ്ക്കൽ കുമ്പളത്ത് ചരിവിളപുത്തൻ വീട്ടിൽ ഇരുപത് വയസ്സുളള വിഷ്ണുവാണ് പിടിയിലായത്. പ്ളസ് വൺ വിദ്യാർഥിനി ആറുമാസം ഗർഭിണിയാണ്.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണന്ന് മനസിലായത്. സ്കാന്‍ ചെയ്തപ്പോൾ ആറുമാസം ഗർഭിണിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ആശുപത്രി അതിക്യതർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഒരുവർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി വിഷ്ണുവിനെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ വിഷ്ണുവിന്റെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് വിഷ്ണുവിനെതിരെ പോക്സോ വകുപ്പ് ചുമത്തി. കൂടാതെ കുട്ടിയെ തട്ടിക്കൊണ്ട് പോയത് ഉൾപ്പെടെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.