ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടനെ സാക്ഷിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും വിചാരണ വേളയിൽ കൂറുമാറ്റം ഒഴിവാക്കുന്നതിനും വേണ്ടിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ശ്രീനാഥ് ഭാസിയടക്കം ആറ് പേരുടെ രഹസ്യ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
ചേർത്തല മജിസ്ട്രേട്ട് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. കഞ്ചാവുമായി ആലപ്പുഴയ്ക്ക് പോകാൻ പ്രതിയായ തസ്ലീമയ്ക്ക് കാർ വാടകയ്ക്ക് എടുത്തു നൽകിയ യുവാവിൻ്റെ രഹസ്യ മൊഴിയുമെടുത്തു. ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ച എറണാകുളത്തെ വീടിൻ്റെ ഉടമയായ സ്ത്രീ, വാഹനം വാടകയ്ക്ക് എടുക്കാൻ ആധാർ കാർഡ് കൈമാറിയ യുവതി, കഞ്ചാവ് ആവശ്യപ്പെട്ട് തസ്ലീമയെ വിളിച്ച രണ്ടു പേർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ ശ്രീനാഥ് ഭാസി അടക്കമുള്ളവരെ ചോദ്യം ചെയ്ത് മൊഴി എടുത്തിരുന്നു. നടനെ കേസിൽ സാക്ഷിയാക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയത്. കേസിൻ്റെ വിചാരണ വേളയിൽ കൂറുമാറ്റം ഒഴിവാക്കാൻ വേണ്ടിയാണ് രഹസ്യമൊഴിയെടുത്തത് . രഹസ്യമൊഴി രേഖപ്പെടുത്തുന്ന മജിസ്ട്രേട്ടും സാധാരണയായി കേസിലെ സാക്ഷിയാകും.
ആലപ്പുഴ കോടതിയാണ് ഹൈബ്രിഡ് കഞ്ചാവ് കേസ് പരിഗണിക്കുന്നത്. കേസ് കേൾക്കുന്ന കോടതിയുടെ അധികാര പരിധിയിൽ പെടാത്ത കോടതിയാണ് നിയമപരമായി രഹസ്യമൊഴി രേഖപ്പെടുത്തേണ്ടത് എന്നതിനാലാണ് ചേർത്തല കോടതി രഹസ്യമൊഴിയെടുത്തത്. നടൻമാരായ ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവരുമായി പ്രതിയായ തസ്ലീമ സുൽത്താനയ്ക്ക് നാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ലഹരി ഇടപാടുകൾ സംശയിക്കുന്ന വാട്സ് ആപ് സന്ദേശങ്ങളും ലഭിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീനാഥ് ഭാസിയെ കേസിൽ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഷൈൻ ടോം ചാക്കോ എക്സൈസ് മേൽ നോട്ടത്തിൽ തൊടുപുഴയിൽ ലഹരി മോചന ചികിൽസയ്ക്ക് വിധേയനാകുകയാണ്. ഈ മാസം തന്നെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ പിടിയിലായ സുൽത്താൻ അക്ബർ അലിയുടെ സ്വർണക്കടത്ത്, അന്വേഷണത്തിൽ വ്യക്തിമായ പെൺവാണിഭ ഇടപാടുകൾ എന്നിവയെകുറിച്ച് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്. പൊലിസിനും മറ്റ് അന്വേഷണ എജൻസികൾക്കും വിവരം കൈമാറണോ എന്നതിൽ ഉന്നതതല തീരുമാനം ഉണ്ടാകും.